നരിക്കുനി പഞ്ചായത്തിൽ കോവിഡ് പ്രതിരോധം പാളുന്നതായി പരാതി :-
നരിക്കുനി: - നരിക്കുനിയിൽ പഞ്ചായത്ത് ഭരണ സമിതിയുടെ ഏകോപനമില്ലാത്തതിനാൽ നരിക്കുനി പഞ്ചായത്തിൽ കോവിഡ് പ്രതിരോധം താറുമാറായിരിക്കുകയാണെന്ന് പരാതി. വാട്സാപ്പ് അറിയിപ്പ് മാത്രമായി ഇപ്പോൾ ചുരുങ്ങിയിരിക്കുന്നു. കൃത്യമായി കണക്ക് റിപ്പോർട്ട് ചെയ്യുന്നില്ല ,കാരു കുളങ്ങരയിൽ കോവിഡ് ബാധിച്ച് ഒരു രോഗി മരണപ്പെട്ടു, രോഗികളെ ടെസ്റ്റിന് കൊണ്ടുപോകാൻ നേരത്തെ വാഹനങ്ങളും , അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇതുവരെ ഒരു വാഹനം കൂടി ഏർപ്പാടാക്കാൻ ഉത്തരവാദപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. ടെസ്റ്റിന് പോകുന്നവർ സ്വന്തം നിലക്ക് കിട്ടുന്ന വണ്ടികളിൽ കയറിയാണ് പോകുന്നത്. ഇത് രോഗ വ്യാപനത്തിന് കാരണമാകുന്നു. ഏപ്രിൽ 16 ന് ടെസ്റ്റ് നടന്നവരുടെ റിസൽട്ട് 5 ദിവസം സമയമെടുത്ത് 21 നാണ് ലഭിച്ചത്. അപ്പോഴേക്കും അവരുടെ സമ്പർക്കം വർദ്ധിച്ചു. ടെസ്റ്റ് ചെയ്ത വരുടെ ഡാറ്റാ എൻട്രി ചെയ്യുകയും അവരെ സമ്പർക്കമില്ലാതെ കഴിയാൻ പ്രേരിപ്പിക്കുകയും വേണം. നേരത്തെ രോഗികളെ മാറ്റി പാർപ്പിക്കുകയും, കുടുംബങ്ങൾക്ക് കമ്യൂണിറ്റി കിച്ചൺ വഴിയും ,മറ്റും ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ അത്തരമൊരു പ്രവർത്തനവും ഇപ്പോൾ നടക്കുന്നില്ല. നരിക്കുനി ആശുപത്രിയിൽ കോവിഡ് ബാധിച്ച് ടെസ്റ്റ് ചെയ്യുന്നവരും ,പ്രതിരോധവാക്സിൻ എടുക്കുന്നവരും ആകെ കൂടിക്കുഴഞ്ഞ അവസ്ഥയാണ്. അപ്പോഴും ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിന് സമയം കണ്ടെത്തുന്നു ,ദിവസക്കൂലിക്കെത്തുന്ന ഡോക്ടർമാരെയും ,ആശാ വർക്കർമാരെയും ജോലിയേൽപ്പിച്ച് ഉത്തരവാദപ്പെട്ടവർ സ്ഥലം വിടുന്നു ,വികസന സമിതിയുണ്ടെങ്കിലും ,അവരോ , ജനപ്രതിനിധികളോ ആശുപത്രിയിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല. കോവിഡ് ബാധിത വീടുകൾ അണുവിമുക്തമാക്കാനോ, അനുബന്ധ നടപടികൾ സ്വീകരിക്കാനോ ആരും ഉണ്ടാകുന്നില്ല. വീട്ടിൽ കഴിയാൻ സൗകര്യമില്ലാത്തവർക്ക് നരിക്കുനിയിൽ CFLTC കേന്ദ്രം ഇത് വരെ ആരംഭിച്ചിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളികളോ ,നാട്ടുകാരോ യാതൊരു സാമൂഹിക അകലവും നരിക്കുനി അങ്ങാടിയിൽ പാലിക്കുന്നില്ല. ഹോൾ സെയിൽ കടകൾ, ഷോപ്പിങ്ങ് മാളുകൾ , മീൻ കടകൾ എന്നിവിടങ്ങളിൽ തിക്കും തിരക്കുമാണ്. ആരും ചോദിക്കാനില്ല. ഒരു സർവ്വകക്ഷി യോഗമെങ്കിലും വിളിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള ദീർഘദൃഷ്ടി പോലും ഉത്തരവാദപ്പെട്ട സമിതിക്കില്ല. ഒന്ന് ഓർമ്മിപ്പിക്കുന്നു - ഇതൊക്കെ കൃത്യമായി നടന്ന പഞ്ചായത്താണ് നരിക്കുനി. അന്ന്ചെറിയ ന്യൂനതകൾ പർവ്വതീകരിച്ചവരും പുരപ്പുറത്ത് കയറിനിന്ന് വിളിച്ച് പറഞ്ഞവരേയും ഇന്ന് കാണുന്നില്ല. ഒന്നു മാത്രം ഓർമ്മപ്പെടുത്തുന്നു. നാം അകലം പാലിക്കുകയും ഉത്തരവാദിത്തപ്പെട്ടവർ ഉയർന്ന് പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ എല്ലാം കൈവിട്ട് പോകും.
നരിക്കുനി പഞ്ചായത്തിൽ എഫ്.എൽ.സി.ടി ഒരുക്കും :-. നരിക്കുനി പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് എഫ്.എൽ.സി.ടി യുടെ ആവശ്യകത വന്നിരിക്കുകയാണ്. അതിനാൽ നരിക്കുനി പഞ്ചായത്തിന്റെ മൂർഖൻകുണ്ട് ജി.എം.എൽ.പി സ്കൂളിൽ എഫ്.എൽ.സി.ടി സജ്ജീകരിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. അതിനായി സാമൂഹിക സേവകരുടെ നേതൃത്വത്തിൽ സ്കൂളും ,പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീമിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് തല ആർ.ആർ.ടി യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം അധ്യക്ഷനായി. മനോജ് പാലങ്ങാട്, ഷറഫുദ്ദീൻ കാരുകുളങ്ങര സംസാരിച്ചു. നരിക്കുനി ഹെൽത്ത് സെന്ററിൽ വച്ച് എല്ലാ ദിവസവും വാക്സിനേഷൻ ക്യാമ്പ് നടക്കുന്നുണ്ട്. വാർഡ് തല ആർ.ആർ.ടി യോഗങ്ങൾ ചേർന്ന് വാർഡ് തലത്തിൽ പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ പഞ്ചായത്ത് തീരുമാനം എടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു .


0 അഭിപ്രായങ്ങള്