അക്ഷര വാർത്തകൾ

2021 | മെയ്‌ 14 | 1196 മേടം 31 | വെള്ളി | മകീര്യം



🔳അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വ്യപകമായി ശക്തമായ കാറ്റും മഴയും കടല്‍ക്ഷോഭവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.


🔳കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത പ്രവചിച്ചതിനെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തില്‍ വിന്യാസിക്കാനാണ് അധികൃതരുടെ തീരുമാനം. വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളില്‍ ആണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുക.


🔳മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം. ആലപ്പുഴയിലും തിരുവനന്തപുരത്തും. കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി.


🔳വിവിധ കോവിഡ് വാക്‌സിനുകളുടെ 216 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍. പൂര്‍ണമായും ഇന്ത്യക്കും ഇന്ത്യക്കാര്‍ക്ക് വേണ്ടിയായിരിക്കും അതെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും എന്നകാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


🔳ഇന്ത്യയില്‍ ഇപ്പോള്‍ വ്യാപിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകവും വ്യാപനശേഷിയുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടന. വകഭേദം സംഭവിച്ച വൈറസിനെ ചെറുക്കുന്നതില്‍ വാക്‌സിനുകള്‍ക്കുള്ള ശേഷി സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതായും സംഘടന പറയുന്നു.


🔳കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഡയലര്‍ ട്യൂണ്‍ ആയി നല്‍കുന്നതില്‍ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. സന്ദേശം അരോചകമാണെന്നും ആവശ്യത്തിന് വാക്‌സിന്‍ ഇല്ലാതിരുന്നിട്ടും ആളുകളോട് വാക്‌സിന്‍ എടുക്കാന്‍ അഭ്യര്‍ഥിക്കുന്നത് എത്രകാലം തുടരുമെന്നും കോടതി ആരാഞ്ഞു.


🔳കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള വര്‍ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി നിര്‍ദേശിച്ചതിന് പിന്നാലെ വാക്‌സിനേഷന്‍ പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ആദ്യം, രണ്ടാമത്തെ ഡോസിന് നാല് ആഴ്ചയും പിന്നീട് 6 മുതല്‍ 8 ആഴ്ചയും ആയിരുന്നു. ഇപ്പോള്‍ ഞങ്ങളോട് 12 മുതല്‍ 16 ആഴ്ചകള്‍ എന്ന് പറയുന്നു. യോഗ്യരായ എല്ലാവര്‍ക്കും നല്‍കാന്‍ വേണ്ടത്ര വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാലാണോ അതോ ശാസ്ത്രീയ ഉപദേശം അങ്ങനെ ആയതിനാലാണോയെന്നും മോദി സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കാമോയെന്നും ജയറാം രമേശ് ചോദിച്ചു.


🔳കേരളത്തിനുള്ള ഓക്‌സിജന്‍ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 223 മെട്രിക് ടണ്ണില്‍ നിന്നും 358 മെട്രിക് ടണ്ണായാണ് വര്‍ധിപ്പിച്ചത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്‍ വിഹിതം ഉയര്‍ത്തിയത്. അതേസമയം കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നും പ്രതിദിന വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.


🔳സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി തീരപ്രദേശങ്ങള്‍, ചേരികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. ആളുകള്‍ കൂടുതലായി എത്തുന്ന റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് അടക്കമുള്ള ഇടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് പരിശോധന സൗകര്യം ക്രമീകരിക്കുക.


🔳കേരളത്തില്‍ ഇന്നലെ 1,39,656 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6150 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന  33,733 പേര്‍ രോഗമുക്തി നേടി. ഇതോടെ 4,38,913 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.


🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787.


🔳സംസ്ഥാനത്ത് ഇന്നലെ 102 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 740 ഹോട്ട് സ്‌പോട്ടുകള്‍


🔳നടന്‍ രാജന്‍ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ഭര്‍ത്തൃപീഡനമാണ് മരണകാരണമെന്ന ആരോപണവുമായി ഭാര്യ പ്രിയങ്കയുടെ  കുടുംബം രംഗത്ത്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ പൊലിസ് അന്വേഷണം തുടങ്ങി.


🔳കേരളത്തിലൂടെ ഓടുന്ന മൂന്ന് പ്രത്യേക തീവണ്ടികള്‍കൂടി താത്കാലികമായി റദ്ദാക്കിയതായി റെയില്‍വെ. കൊച്ചുവേളി - മൈസൂരു പ്രതിദിന തീവണ്ടിയും

തിരുവനന്തപുരം സെന്‍ട്രല്‍ - മധുര ജംഗ്ഷന്‍ അമൃതയും കൊച്ചുവേളി - നിലമ്പൂര്‍ രാജ്യറാണി പ്രതിദിന സ്‌പെഷ്യലുമാണ് മെയ് 15 മുതല്‍ 31 വരെയും തിരിച്ചുള്ള സര്‍വ്വീസുകളും റദ്ദാക്കിയത്.


🔳രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജൂണ്‍ 27ന് നടത്താനിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. ഒക്ടോബര്‍ പത്തിന് പരീക്ഷ നടത്താനാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് യു.പി.എസ്.സി വ്യക്തമാക്കി. യു.പി.എസ്.സി നടത്താനിരുന്ന മറ്റു പരീക്ഷകളും മാറ്റിവെച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.


🔳ചെന്നൈയില്‍ ചികിത്സ കിട്ടാതെ മൂന്ന് കൊവിഡ് രോഗികള്‍ കൂടി ആംബുലന്‍സില്‍ കിടന്ന് മരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലാണ് സംഭവം. മണിക്കൂറുകളോളമാണ് മൂന്നുപേരും ചികിത്സയ്ക്കായി ആശുപത്രി മുറ്റത്ത് കാത്തുകിടന്നത്. ഇതോടെ ഇന്നലെമാത്രം ചെന്നൈയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം ഒന്‍പതായി.


🔳കോടതി നിര്‍ദ്ദേശിച്ച പ്രകാരം വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാരിലുള്ളവര്‍ തൂങ്ങിമരിക്കണമോ എന്ന് കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


🔳ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍  ഇന്ദു ജെയിന്‍(84) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 9.35-ഓടെ ഡല്‍ഹിയില്‍ ആയിരുന്നു മരണം. ആത്മീയാന്വേഷി, മനുഷ്യസ്‌നേഹി, കലാസ്വാദക, വനിതാവകാശ പ്രവര്‍ത്തക എന്നീ നിലകളിലും ശ്രദ്ധേയ ആയിരുന്നു.


🔳ഇന്ത്യയിലെ ഫ്രഞ്ച് എംബസി മോഡേണ കോവിഡ് വാക്‌സിന്‍ വാങ്ങി നവി മുംബൈയിലെ അവരുടെ പൗരന്മാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുന്നുവെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ഇന്ത്യയില്‍ അനുമതിയില്ലാത്ത വാക്സിന്‍ ഇവിടെയുള്ള ഫ്രഞ്ച് പൗരന്മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എങ്ങനെ നല്‍കാനാകുമെന്ന് നവാബ് മാലിക് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.


🔳ഡല്‍ഹിയില്‍ ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞുവെന്നും മിച്ചമുള്ള ഓക്‌സിജന്‍ ആവശ്യമുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടര്‍ച്ചയായി കുറയുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത് 3,37,627 കോവിഡ് രോഗികള്‍.  മരണം 3886. ഇതോടെ ആകെ മരണം 2,62,239 ആയി. ഇതുവരെ 2,34,40,851 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 37.02 ലക്ഷം കോവിഡ് രോഗികള്‍.


🔳മഹാരാഷ്ട്രയില്‍ ഇന്നലെ 42,582 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 35,297 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 17,745 പേര്‍ക്കും തമിഴ്നാട്ടില്‍ 30,621 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 22,399 പേര്‍ക്കും ഡല്‍ഹിയില്‍ 10,489 പേര്‍ക്കും രാജസ്ഥാനില്‍ 15,867 പേര്‍ക്കും പശ്ചിമബംഗാളില്‍ 20,839 പേര്‍ക്കും  ചത്തീസ്ഗഡില്‍ 9,121 പേര്‍ക്കും  മധ്യപ്രദേശില്‍ 8,419 പേര്‍ക്കും  ഗുജറാത്തില്‍ 10,742 പേര്‍ക്കും   ബീഹാറില്‍ 7,752 പേര്‍ക്കും  ഹരിയാനയില്‍ 12,286 പേര്‍ക്കും ഒഡീഷയില്‍ 10,649 പേര്‍ക്കും തെലുങ്കാനയില്‍ 4,693 പേര്‍ക്കും പഞ്ചാബില്‍ 8,410 പേര്‍ക്കും  ജാര്‍ഖണ്ഡില്‍ 4,362 പേര്‍ക്കും  ഉത്തരാഖണ്ഡില്‍ 7,127 പേര്‍ക്കും ഗോവയില്‍ 2,491 പേര്‍ക്കും ആസാമില്‍ 5,468 പേര്‍ക്കും ജമ്മു കാശ്മീരില്‍ 4,356 പേര്‍ക്കും  ഹിമാചല്‍ പ്രദേശില്‍ 4,937 പേര്‍ക്കും പുതുച്ചേരിയില്‍ 1,942 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.


🔳ആഗോളതലത്തില്‍ ഇന്നലെ 7,13,497 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 37,246 പേര്‍ക്കും ബ്രസീലില്‍ 72,303 പേര്‍ക്കും അര്‍ജന്റീനയില്‍ 26,531 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകിരിച്ചു. ഇതോടെ ആഗോളതലത്തില്‍ 16.17 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.77 കോടി കോവിഡ് രോഗികള്‍.


🔳ആഗോളതലത്തില്‍ 12,412 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 734 പേരും ബ്രസീലില്‍ 2,161 പേരും അര്‍ജന്റീനയില്‍ 496 പേരും കൊളംബിയയില്‍ 490 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 33.57 ലക്ഷം മരണം സ്ഥിരീകരിച്ചു.


🔳ഐ.സി.സി പ്രഖ്യാപിച്ച വാര്‍ഷിക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. മേയ് 13 വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിങ്ങിലാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.  ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 121 പോയന്റാണുള്ളത്. ഒരു പോയന്റ് പിന്നിലുള്ള ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്തും. ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലാമതാണ്.


🔳1000 മത്സരങ്ങളെന്ന നാഴികക്കല്ല് പിന്നിട്ട പോരാട്ടത്തില്‍ 23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ പെരുമയുള്ള സെറീന വില്യംസിന് തോല്‍വി. ഇറ്റാലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ അര്‍ജന്റീനയുടെ നാദിയ പൊഡൊറോസ്‌കയാണ് സെറീനയെ അട്ടിമറിച്ചത്.


🔳ജോയ് ഇ ബൈക്കിന്റെ നിര്‍മ്മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റി 2021 സാമ്പത്തിക വര്‍ഷം 18.7 കോടി രൂപ അറ്റാദായം കൈവരിച്ചതായി കമ്പനി അറിയിച്ചു. 39.37 കോടി രൂപയുടെ വരുമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 44.2 ശതമാനം വര്‍ധനവോടെ 17.09 കോടി രൂപയുടെ വരുമാനവും നേടി. വ്യക്തിഗത വാഹനങ്ങള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചതും ഇന്ധനവില കുതിച്ചുയര്‍ന്നതും വൈദ്യുത ഇരുചക്ര വാഹന വില്‍പന വര്‍ധിപ്പിച്ചതായി കമ്പനി പറയുന്നു.


🔳ചൈനീസ് ഇലക്ട്രോണിക് ഭീമന്‍ ഷവോമിയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ യുഎസ്എ. ഡൊണാല്‍ഡ് ട്രംപ് ഭരണകാലത്താണ് ചൈനീസ് കമ്പനിയായ ഷവോമിയെ അമേരിക്കന്‍ പ്രതിരോധ കരിമ്പട്ടികയില്‍ പെടുത്തിയത്. ഈ നടപടി പിന്‍വലിക്കാന്‍ യുഎസ് സര്‍ക്കാര്‍ ഒരുങ്ങുന്നു എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ നീക്കത്തെക്കുറിച്ചുള്ള സൂചനകള്‍ ഷവോമിക്ക് നേട്ടമായി. ഹോങ്കോങ് ഓഹരിവിപണിയില്‍ ഷവോമിയുടെ ഓഹരികള്‍ ആറ് ശതമാനം മുകളിലേക്ക് കുറിച്ചു. ജനുവരിയില്‍ അമേരിക്ക ഷവോമിയെ കരിമ്പട്ടികയില്‍ പെടുത്ത വാര്‍ത്ത വന്നപ്പോള്‍ ഷവോമി ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞിരുന്നു.


🔳നടന്‍ ആന്റണി വര്‍ഗീസും കൂട്ടരും നടത്തിയ ഹിമാചല്‍ യാത്രാ വിവരണവുമായി എത്തിയ 'വാബി  സാബി' ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. ക്രിയേറ്റീവ് ഡിസൈനര്‍ ആയ സാനി യാസ് എഴുതി, സംവിധാനം ചെയ്ത മലയാളത്തിലെ ഈ വേറിട്ട യാത്രവിവരണം അവതരണം കൊണ്ട് മനോഹരമാണ്. പത്തു ദിവസത്തോളം നീണ്ട യാത്രയിലെടുത്ത നുറുങ്ങു വീഡിയോകള്‍ ഒരു യാത്രാ വിവരണം പോലെ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ പന്ത്രണ്ടു മിനിട്ടോളം ദൈര്‍ഘ്യമുള്ളതാണ് ഈ വീഡിയോ. രണ്ടു എപ്പിസോഡുകളായി പുറത്തിറക്കുന്ന വാബി സാബിയിലെ ആദ്യത്തെ എപ്പിസോഡില്‍ ഹിമാചല്‍ പ്രദേശിലെ കല്‍ഗയെ കേന്ദ്രീകരിച്ചാണ് വിവരിക്കുന്നത്.


🔳പൂമുത്തോളെ' എന്ന ഒറ്റ വരികൊണ്ട് മലയാളിമനസ്സില്‍ ഇടം നേടിയ അജീഷ് ദാസന്റെ ഏറ്റവും പുതിയ രചനയാണ് പണ്ടത്തെ ആമിനേ.... ബാല്യകാലസ്മൃതിയും ഗൃഹാതുരത്വവും പ്രണയവിരഹവുംഎല്ലാം മനസ്സില്‍ ഓടിമറയുന്നനിമിഷങ്ങളാണ് അവസാനം വരെ നമ്മളെ പിടിച്ചിരുത്തുന്നത്. അനുഭവസ്ഥര്‍ക്ക് ഒരു തുള്ളി കണ്ണുനീരണിയാതെ കേട്ടുതീര്‍ക്കാന്‍ കഴിയില്ല അജീഷ് ദാസന്റെ  ആമിനയെ. അവനീര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. അജീഷിന്റെ വരികള്‍ക്ക് അഫ്‌സല്‍ യൂസുഫ് ഈണമിട്ട് പാടി.


🔳2021 ഏപ്രില്‍ മാസത്തെ ആഭ്യന്തര വില്‍പ്പന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നു. 49,002 യൂണിറ്റ് വില്‍പ്പനയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി വിറ്റത്. 12,463 യൂണിറ്റുകളുമായി ക്രെറ്റ മിഡ് സൈസ് എസ്യുവിയാണ് കഴിഞ്ഞ മാസം മൊത്തം ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ കീഴില്‍ നിന്നും ഏറ്റവുമധികം വിറ്റഴിഞ്ഞ മോഡല്‍. 11,540 യൂണിറ്റുകളുമായി മൂന്നാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 നിയോസ് ആണ് രണ്ടാം സ്ഥാനത്ത്. 11,245 യൂണിറ്റുകളുമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ മോഡലായി വെന്യു കോംപാക്ട് എസ്യുവിയും മാറി.