തുണിക്കട കത്തിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ :-

കോഴിക്കോട്: പറമ്പിൽ ബസാറിൽ ഉദ്ഘാടനം കഴിഞ്ഞ തുണിക്കട കത്തിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പറമ്പിൽ ബസാറിലെ മമ്മാസ്@പപ്പാസ് എന്ന തുണിക്കട ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിവസം തീ വെച്ചു നശിപ്പിച്ച കേസിലെ പ്രതി താമരശ്ശേരി സ്വദേശി രാരോത്ത് പാലയക്കോടൻ റഫീഖ് (45) ആണ് പിടിയിലായത്. താമരശ്ശേരി മഞ്ജു ചിക്കൻ സ്റ്റാൾ ഉടമയാണ്. പറമ്പിൽ ബസാറിൽ കുരുവട്ടൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള തുണിക്കട ഏപ്രിൽ എട്ടിനാണ് അഗ്നിക്കിരയായത്. പുലർച്ചെ എത്തിയ സംഘം ഇരുനില കെട്ടിടം അഗ്നിക്കിരയാക്കി രക്ഷപ്പെടുകയായിരുന്നു. കട പൂർണമായും കത്തി നശിച്ചു. ഒന്നര കോടിയോളം രൂപയാണ് നഷ്ടം ' അന്വേഷണം തുടങ്ങിയതോടെ തമിഴ്നാട്ടിലേക്ക് മുങ്ങിയ പ്രതി തുടർന്ന് വിദേശത്തേക്ക്

കടക്കുകയായിരുന്നു. പ്രതി ഇന്നലെ എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത പോലീസ് ചേവായൂർ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുഖ്യ പ്രതി റഫീഖിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച താമരശ്ശേരി സ്വദേശി നൗഷാദിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


സാമ്പത്തിക പ്രശ്നത്തിൽ കടയുടമ ഇടപെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.