കുഴല്‍പ്പണം; ബിജെപിക്കാര്‍ പരസ്പരം ഏറ്റുമുട്ടി ; ഒരാള്‍ക്ക് കുത്തേറ്റു :-
തൃശൂരില്‍ കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ കിരണിന് കുത്തേറ്റു. വാടാനപ്പള്ളി തൃത്താല്ലൂരിലെ ആശുപത്രിയില്‍ വാക്‌സിന്‍ ക്യാമ്പില്‍ വച്ചാണ് ബിജെപിക്കാര്‍ പരസ്പരം ഏറ്റുമുട്ടിയത്. കേസുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം.
കേസുമായി ബന്ധപ്പെട്ട് ബി ജെ പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ 31/05/21 ന് ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നാളെ പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ സതീശന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി. കുഴല്‍ പണവുമായി വന്ന ധര്‍മരാജനും, സംഘത്തിനും തൃശൂരില്‍ മുറിയെടുത്ത് നല്‍കിയത് സതീശനായിരുന്നു. എം.ജി റോഡിലെ നാഷ്ണല്‍ ടൂറിസ്റ്റ് ഹോമില്‍ മുറി ബുക്ക് ചെയ്തതിന്റെ രേഖകളും ,സി.സി ടി.വി ദൃശ്യങ്ങളും ,അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കേസില്‍ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയത് കൃഷ്ണദാസ് പക്ഷമാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബി ജെ പിയും, ആര്‍ എസ് എസും അപമാനിക്കപ്പെട്ടു. അതിനാല്‍ വിഷയത്തില്‍ ദേശീയനേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നും ,കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് കേരളത്തിനായി 400 കോടിയോളം രൂപ ബി ജെ പി കേന്ദ്രനേതൃത്വം നല്‍കിയതായാണ് വിവരങ്ങള്‍. എന്നാല്‍ ഇതില്‍ എത്ര ചെലവഴിച്ചുവെന്ന കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. 156 കോടി രൂപയാണ് ചെലവഴിച്ചതെന്നാണ് പറയുന്നതെങ്കിലും, ഇരട്ടിയോളം വരുന്ന ബാക്കി തുകയില്‍ അന്വേഷണം നടത്തണമെന്നുമാണ് നേതാക്കള്‍ കത്തില്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ പണം കൈകാര്യം ചെയ്യുന്നതിനായി ഫിനാന്‍സ് കമ്മിറ്റി രൂപീകരിക്കാതെ സംസ്ഥാന അധ്യക്ഷനും, സെക്രട്ടറിയും, കേന്ദ്രമന്ത്രിയും അടങ്ങുന്ന അനൗദ്യോഗിക കൂട്ടായ്മയാണ് കേരളത്തിലേക്കുള്ള പണം ഏകോപിപ്പിച്ചതും, ചെലവഴിച്ചതുമെന്നും പരാതിയില്‍ പറയുന്നു.


0 അഭിപ്രായങ്ങള്‍