ആടുവളര്‍ത്തല്‍ യൂണിറ്റിന് അപേക്ഷിക്കാം

 27.06.2021-


 

മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന ആടുവളര്‍ത്തല്‍ യൂണിറ്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം ഒരു യൂണിറ്റില്‍ മലബാറി ഇനത്തില്‍പ്പെട്ട 8,000 രൂപ മതിപ്പ് വിലയുള്ള 19 പെണ്ണാടുകളും ,10,000 രൂപ മതിപ്പ് വിലയുള്ള ഒരു മുട്ടനാടും ,ഉള്‍പ്പെടുന്ന ആടുവളര്‍ത്തല്‍ യൂണിറ്റ് സ്ഥാപിക്കുവാന്‍ പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുo. പദ്ധതിയില്‍ ആടുകളുടെ വിലയായി 1,62,000 രൂപയും, ആട്ടിന്‍ കൂട് സ്ഥാപിക്കുവാന്‍ 1,00,000 രൂപയും ,ആടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുവാനായി 10,000 രൂപയും, മരുന്ന്, ജീവപോഷക ധാതുലവണ മിശ്രിതം, ഗതാഗതം എന്നിവയ്ക്കായി 8,000 രൂപയും, അടക്കം 2,80,000 രൂപ പദ്ധതിയടങ്കല്‍ തുകയായി നിശ്ചയിച്ചിരിക്കുന്നു. ഇപ്രകാരം ആടുകളെ വാങ്ങല്‍, ആട്ടിന്‍കൂട് സ്ഥാപിക്കല്‍, ഇന്‍ഷുറന്‍സ്, മേല്‍പ്പറഞ്ഞ മറ്റ് ചെലവുകള്‍ എന്നിവ പൂര്‍ത്തീകരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് സ്‌ക്കീമിന്റെ ആനുകൂല്യമായ ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുന്നതാണ്. ആടുകളുടെ തീറ്റ ചെലവ് ഉള്‍പ്പെടെയുള്ള എല്ലാ വിധ പരിപാലന ചെലവുകളും, ഗുണഭോക്താവ് സ്വന്തമായി വഹിക്കേണ്ടതാണ്.


ഗുണഭോക്താക്കള്‍, സ്വന്തമായോ, പാട്ടത്തിനെടുത്തതോ ആയ 50 സെന്റ് ഭൂമിയെങ്കിലും ഉള്ളവരുമായിരിക്കണം. മൃഗസംരക്ഷണ വകുപ്പ് നടത്തിവരുന്ന വാണിജ്യപരമായ ആടുവളര്‍ത്തല്‍ പരിശീലനം നേടിയ ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കും. 3 വര്‍ഷത്തേയ്ക്ക് ആടുവളര്‍ത്തല്‍ യൂണിറ്റ് നടത്തുന്നതാണ് എന്ന് വകുപ്പുമായി കരാര്‍ ഒപ്പുവയ്‌ക്കേണ്ടതാണ്.


പദ്ധതിയില്‍ ചേരുവാനുള്ള അപേക്ഷ, ജില്ലയിലെ എല്ലാ മൃഗാശുപത്രികളില്‍ നിന്ന് നേരിട്ട് ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് ആധാര്‍, റേഷന്‍ കാര്‍ഡ്, കരം അടച്ച രസീത്/ ന്പട്ടക്കരാര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ജൂലായ് 7 മൂന്നു മണിക്ക് മുമ്പായി തദ്ദേശ മൃഗാശുപത്രിയില്‍ സമര്‍പ്പിക്കേണ്ടതാണ്.           വിശദവിവരങ്ങള്‍ ജില്ലയിലെ എല്ലാ മൃഗാശുപത്രികളില്‍ നിന്നും ലഭിക്കും.