ഇനി മുതല്‍ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണില്‍ സംസാരിച്ചാലും, ലൈസന്‍സ് റദ്ദാക്കും.

 30.06.2021


തിരുവനനന്തപുരം: ഫോണ്‍ ഉപയോഗം മൂലമുള്ള വാഹന അപകട നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതല്‍ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണില്‍ സംസാരിച്ചാലും, ലൈസന്‍സ് റദ്ദാക്കും. നേരത്തേ, വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിച്ചാല്‍ മാത്രമേ നടപടിയുണ്ടായിരുന്നുള്ളൂ.


തെളിവു സഹിതം ആര്‍ ടി ഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനും ,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യിക്കാനും നിര്‍ദേശമുണ്ട്. ബ്ലൂട്ടൂത്ത് വഴി മൊബൈല്‍ ഫോണ്‍ കണക്‌ട് ചെയ്ത് വാഹനമോടിച്ചുകൊണ്ട് സംസാരിക്കുന്നത് അപകങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് കേസെടുക്കാന്‍ മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്.

നിയമം നടപ്പാക്കുന്ന കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള സംസാരം ഒഴിവാക്കണമെന്നു മോട്ടര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നു.


നേരത്തേ, വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനും, ഗ്ലാസുകളില്‍ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരെയുള്ള നടപടി കര്‍ശനമാക്കാനും, മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. ജൂണ്‍ എട്ടിന് പുറപ്പെടുവിച്ച ഉത്തരവില്‍ വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയില്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പറയുന്നു.

റോഡ് സുരക്ഷ സംബന്ധിച്ച്‌ ഹൈക്കോടതി ഏപ്രില്‍ 9-ന് പുറപ്പെടുവിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. സംസ്ഥാനത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു,