പ്രശസ്ത കവിയും, ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു :-
22.06.2021
തിരുവന്തപുരം: പ്രശസ്ത കവിയും, ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചകിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാ അത്ത് പള്ളിയിൽ ഇന്ന് ( 22/06/21) വൈകീട്ട് സംസ്കാരം നടക്കും. ഭാര്യ- ആമിന, മക്കൾ- തുഷാര, പ്രസൂന.
മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടെഴുതി. നാഥാ നീ വരും കാലൊച്ച കേട്ടെൻ.. ഏതോ ജന്മ കല്പനയിൽ.. ശര റാന്തൽ തിരി താഴും..പൂ മാനമേ.. തുടങ്ങി മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന നിരവധി അനശ്വര ഗാനങ്ങൾ രചിച്ചു. 1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കർ പിള്ളയുടെയും, റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദർ ജനിച്ചത്.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ വലപ്പാട് പോളിടെക്നിക്കിൽ നിന്ന് എഞ്ചിനീയറിങ്ങ് ഡിപ്ലോമയും, തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് എ എം ഐ ഇ-യും പാസായി. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയറായിരുന്നു. 1972 -ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചു.


0 അഭിപ്രായങ്ങള്‍