എംസി ജോസഫൈന്‍ രാജിവച്ചു
☯︎▬▬▬▬▬▬▬▬☯︎                                                         
     25-JUNE-2021
  ☯︎▬▬▬▬▬▬▬▬☯︎
ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ചെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജി വച്ചു. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തി പിന്നാലെയാണ് നടപടി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന്‍ നടത്തിയ പരാമര്‍ശം വ്യാപകമായ വിമര്‍ശനം ഏറ്റവാങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. യോഗത്തിലും കൂട്ട വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് നടപടി.

കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി സന്നദ്ധത അറിയിക്കുന്നത്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈനിന്റെ കയ്യില്‍ നിന്നും രാജി എഴുതി വാങ്ങുന്ന നില ഉണ്ടാവരുത് എന്ന് ധാരണ ഉണ്ടായിരുന്നു. ഇതി പ്രകാരമാണ് സ്വയം പുറത്ത് പോവുന്നു എന്ന ജോസഫൈന്‍ സ്വീകരിച്ചത്. ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കമെന്നിരിക്കെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്.

മനോരമ ന്യൂസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു എംസി ജോസഫൈന്റെ മോശം പെരുമാറ്റം. എറണാകുളം സ്വദേശി ലെബിനെയോടാണ് ജോസഫൈന്‍ ഇത്തരത്തില്‍ സംസാരിച്ചത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ ലെബിനയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നുമായിരുന്നു എംസി ജോസഫൈന്‍ പ്രതികരണം.