സ്വാതന്ത്രത്തിന് വേണ്ടി ജീവനും രക്തവും നൽകിയ ധീരൻമാർക്ക് ഒരു പിടി രക്തപുഷ്പങ്ങളർപ്പിച്ചു കൊണ്ട് ഏവർക്കും അക്ഷര സാംസ്ക്കാരിക വേദിയുടെ സ്വാതന്ത്രദിനാശംസകൾ.


 75 വർഷത്തെ സ്വാതന്ത്രത്തിന്റെ മാധുര്യം നുണഞ്ഞ നമുക്ക് അറിയില്ല പോരാളികൾ അനുഭവിച്ച വേദനകൾ.

അവരുടെ ധീരമായ ചെറുത്തു നിൽപുകൾ നമുക്ക് സമത്വ സുന്ദരമായ ഒരു രാജ്യത്തെ സമ്മാനിച്ചു.


വൈവിധ്യങ്ങളും വൈജാത്യങ്ങളും നിലനിൽക്കുന്ന നാടാണ് ഭാരതം. 


ലോകത്ത് ഏറ്റവും

കരുത്തുറ്റ രീതിയിൽ ജനാധിപത്യ സംവിധാനം നിലനിൽക്കുന്നത് ഇന്ത്യയിലാണ്.


നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ പല അയൽനാടുകളിലും ജനാധിപത്യത്തിന് പകരം

ഏകാധിപതികളുടെയും, പട്ടാളമേധാവികളുടെയും ഉരുക്കു ഷൂസുകൾക്കിടയിൽ കിടന്ന്

ജനങ്ങൾ ചക്രശ്വാസം വലിക്കുകയാണ്.


നിരക്ഷരത, ശുദ്ധജല ലഭ്യത കുറവ്, പോഷകാഹാര കുറവ്, തുടങ്ങിയ വെല്ലുവിളികളെ

ഇനിയും തരണം ചെയ്യേണ്ടതുണ്ട്.


 ദാരിദ്ര്യം, രോഗം, അജ്ഞത എന്നിവ തുടച്ച് മാറ്റാനും

ഓരോ ഇന്ത്യക്കാരനെയും കഴിവുകൾക്കനുസരിച്ച് പാരമ്യത്തിലേക്ക് ഉയർത്താനുമുള്ള രാഷ്ട്ര

ശിൽപ്പികളുടെ സ്വപ്നം യാഥാർത്ഥ്യമാകേണ്ടതുണ്ട്. 


പിന്നോക്ക ദളിത് വിഭാഗത്തിൽ പെട്ടവരെ

മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയാലല്ലാതെ രാഷ്ട്ര വികസനം പൂർണ്ണമാവില്ല.

പാർശ്വവൽക്കരിക്കപെട്ടവർക്ക് നീതി ഉറപ്പു വരുത്തേണ്ടതുമുണ്ട്. 


യുവതയിലാണ് ഏതൊരു

രാജ്യത്തിന്റെയും പ്രതീക്ഷകൾ നിലനികൊള്ളുന്നത്. 


നിർമ്മാണാത്മകമായ

പ്രവർത്തനങ്ങളിലൂടെ രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതിന് നാം ഓരോരുത്തരും

ജാഗരൂകരാവണം.


 മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരായി

അടരാടാനും യുവതക്ക് കഴിയണം. 


മതേതരത്വം കണ്ണിലെ കൃഷ്ണമണി കണക്കെ

കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കാനുള്ള കനകാവസരങ്ങളായി

സ്വാതന്ത്ര്യ ദിനത്തെ യുവത ഉപയോഗപ്പെടുത്തണം.


രാജ്യത്തിന്റെ തലവിധി മാറ്റി എഴുതുന്ന വജ്രായുധമായ വോട്ടവകാശത്തിന്റെ പ്രധാന്യം

തിരിച്ചറിയുന്ന രാഷ്ട്ര ബോധമുള്ളവരായി നാം മാറണം.