31 ദിവസത്തിനിടെ വോഡഫോൺ ഐഡിയ വിട്ടുപോയത് 14.30 ലക്ഷം പേർ.


☯︎▬▬▬▬▬▬▬▬☯︎                                                       

     28-SEP-2021

☯︎▬▬▬▬▬▬▬▬☯︎


രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതിയ വരിക്കാരെ ചേർക്കുന്നതിൽ വീണ്ടും വൻ മുന്നേറ്റം നടത്തി. ജൂലൈയിൽ 65 ലക്ഷത്തിലധികം പുതിയ മൊബൈൽ ഉപയോക്താക്കളെയാണ് ജിയോ നേടിയത്. പുതിയ വരിക്കാരെ നേടുന്നതിൽ എയർടെലും മുന്നേറ്റം നടത്തിയപ്പോൾ വോഡഫോൺ, ഐഡിയയും, ബിഎസ്എൻഎലും വൻ നഷ്ടമാണ് നേരിട്ടത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈയിൽ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 44.32 കോടിയാണ്.


 എന്നാൽ, വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ 14.30 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ  മൊത്തം വരിക്കാരുടെ എണ്ണം 27.19 കോടിയായി.ജൂലൈയിൽ ഭാരതി എയർടെലിന് 19.42 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചപ്പോൾ മൊത്തം വരിക്കാരുടെ എണ്ണം 35.21 കോടിയുമായി.ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബി‌എസ്‌എൻ‌എൽ) ജൂലൈയിൽ 10.18 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ ബി‌എസ്‌എൻ‌എലിന്റെ മൊത്തം വരിക്കാർ 11.43 കോടിയുമായി.മൊത്തം വയർലെസ് വരിക്കാർ ജൂലൈ അവസാനത്തോടെ 1,18.67 കോടിയായി ഉയർന്നു. പ്രതിമാസ വളർച്ചാ നിരക്ക് 0.57 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് ഡേറ്റയിൽ പറയുന്നു.നഗരപ്രദേശങ്ങളിലെ സജീവ വയർലെസ് വരിക്കാരുടെ എണ്ണം ജൂണിലെലെ 66.61 കോടിയിൽ നിന്ന് ജൂലൈ അവസാനത്തിൽ 67.07 കോടിയായി ഉയർന്നു.


എന്നാൽ ഗ്രാമീണ മേഖലകളിൽ വയർലെസ് വരിക്കാർ ജൂണിലെ 53.64 കോടിയിൽ നിന്ന് ജൂലൈയിൽ 53.87 കോടിയായി ഉയർന്നു. നഗര, ഗ്രാമീണ വയർലെസ് വരിക്കാരുടെ മൊത്തം പ്രതിമാസ വളർച്ചാ നിരക്ക് യഥാക്രമം 0.70 ശതമാനവും 0.42 ശതമാനവുമാണെന്ന് ട്രായ് ഡേറ്റ കാണിക്കുന്നു.മൊത്തം വയർലെസ് വരിക്കാരിൽ (1,186.84 ദശലക്ഷം) 989.34 ദശലക്ഷം പേർ ജൂലൈയിൽ പീക്ക് വിസിറ്റർ ലൊക്കേഷൻ റജിസ്റ്റർ (വിഎൽആർ) സമയത്ത് സജീവമായിരുന്നു. സജീവ വയർലെസ് വരിക്കാരുടെ അനുപാതം മൊത്തം വയർലെസ് വരിക്കാരുടെ എണ്ണത്തിന്റെ 83.36 ശതമാനമാണെന്നും ട്രായ് റിപ്പോർട്ടിൽ പറയുന്നു.ജിയോയുടെ മൊത്തം വരിക്കാരിൽ (44.32 കോടി) 34.64 കോടി പേർ മാത്രമാണ് വിഎൽആർ സമയത്ത് സജീവമായിരുന്നത്.


എന്നാൽ എയർടെലിന്റെ മൊത്തം വരിക്കാരിൽ (35.40 കോടി) 34.60 കോടി പേരും സജീവമായിരുന്നു.ജൂലൈയിൽ 10.99 ദശലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (എംഎൻപി) അപേക്ഷ സമർപ്പിച്ചു.ഇതുവരെയുള്ള എം‌എൻ‌പി അപേക്ഷകൾ ജൂണിലെ 605.88 ദശലക്ഷത്തിൽ നിന്ന് ജൂലൈയിൽ 616.87 ദശലക്ഷമായി വർധിച്ചു.