ഖത്തറിലെ കമ്പനികളില്‍ ജീവനക്കാരുടെ ആവശ്യകത കുതിച്ചുയരുന്നു; വന്‍ തൊഴിലവസരങ്ങള്‍_


29-11-2021 :-


ദോഹ: ഖത്തറിന്റെ സമ്പത് വ്യവസ്ഥ ശക്തി പ്രാപിച്ചതോടെ കമ്പനികളില്‍ ജീവനക്കാരുടെ ആവശ്യകത കുതിച്ചുയരുന്നു. ഈ ആവശ്യകത നിറവേറ്റാന്‍ രാജ്യത്തെ മാന്‍പവര്‍ ഏജന്‍സികള്‍ക്ക് കഴിയുന്നില്ലെന്ന് മാന്‍പവര്‍ ഏജന്‍സിയായ കെ.കെ.കെ ആന്‍ഡ് ഇസഡ് ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല ഉസ്മാന്‍ സെയ്ത് പറഞ്ഞു.


വിദേശത്ത് നിന്ന് ആളുകളെ ലഭിക്കുന്നതിന് പകരം പ്രാദേശിക വ്യക്തികളെ നിയമിക്കുന്നതിലാണ് കമ്പനികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


''ജീവനക്കാരെ ആവശ്യപ്പെട്ട് ഞങ്ങള്‍ക്ക് ദിവസവും കുറഞ്ഞത് 7-8 ഇമെയിലുകള്‍ ലഭിക്കുന്നു. റീട്ടെയില്‍ കമ്പനികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ജീവനക്കാരുടെ ആവശ്യം ഉയര്‍ന്നതാണ്. മരപ്പണിക്കാര്‍, ഇലക്ട്രീഷ്യന്‍മാര്‍ തുടങ്ങിയ ബ്ലൂ കോളര്‍ ജോലികള്‍ക്കായും കരാര്‍ കമ്പനികളില്‍ നിന്നും ഡിമാന്‍ഡ് വരുന്നതെന്ന് അബ്ദുല്ല ഉസ്മാന്‍ സെയ്ത് പറഞ്ഞു.


അലി ബിന്‍ അലി, ഹുവായ്, വിവോ, മൈക്രോസോഫ്റ്റ്, ആപ്പിള്‍, വോഡഫോണ്‍ പാനസോണിക്, ഡെല്‍, നിരവധി ഗെയിമിംഗ് ബ്രാന്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ കമ്പനികള്‍ക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയാണ് കെ.കെ.കെ ആന്‍ഡ് ഇസഡ് ഇന്റര്‍നാഷണല്‍.


സമ്പത് വ്യവസ്ഥ വീണ്ടും സജീവമായതാണ് പൊടുന്നനെ തൊഴിലാളികളുടെ ആവശ്യകത കുതിച്ചുയരാന്‍ കാരണമായത്. കൂടാതെ, ഖത്തറില്‍ നിരവധി ദേശീയ അന്തര്‍ ദേശീയ പരിപാടികളും നടക്കുന്നുണ്ട്. ഫോര്‍മുല  ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സ്, ഹോസ്പിറ്റാലിറ്റി ഖത്തര്‍, സിറ്റിസ്‌കേപ്പ്, പ്രോജക്ട് ഖത്തര്‍ തുടങ്ങി നിരവധി പരിപാടികളും , കോണ്‍ഫറന്‍സുകളും കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഖത്തര്‍ സംഘടിപ്പിച്ചിട്ടുണ്ട്.  


ഫിഫ ലോകകപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ, കമ്പനികള്‍ ഈ മെഗാ ഇവന്റുകള്‍ക്കായി തയ്യാറെടുക്കുകയാണ്.  ലോകകപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഖത്തറിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കണക്കിലെടുത്താണ് കമ്പനികള്‍ ജീവനക്കാരെ നിയമിക്കാന്‍ തുടങ്ങുന്നത്. കൂടാതെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ കമ്പനികള്‍ ജോലിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. 


അതേസമയം, പ്രാദേശിക പ്രതിഭകള്‍ക്ക് ആവശ്യകത കൂടുതലാണെന്നും വിദേശത്ത് നിന്ന് ഒരാളെ കൊണ്ടുവരുന്നതിനെ അപേക്ഷിച്ച് കമ്പനികള്‍ പ്രാദേശിക മുന്‍ഗണന നല്‍കുന്നതായും അബ്ദുള്ള പറഞ്ഞു. കൂടാതെ ക്വാറന്റൈന്‍ നിയമം ലഘൂകരിച്ചത് പുറത്തുനിന്നുള്ള ആളുകളെ കൊണ്ടുവരുന്നതിനുള്ള ചെലവ് കുറച്ചതായും ഇത് ഖത്തറിലെ മാന്‍പവര്‍ കമ്പനികള്‍ക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.