ഇനിമുതല്‍ 'ATM മോഡൽ റേഷൻ കാർഡ്' ; റേഷൻ കടകളിൽ പരാതി പെട്ടിയും :-


 11.12.2021- 


തിരുവനന്തപുരം : സംസ്ഥാനത്ത് ജനുവരി മുതൽ ഇ-റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനാണ് പുതിയ സംവിധാനം. ഇത് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി തെളിമ പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് റേഷന്‍ കടയുമായി ബന്ധപ്പെട്ട പരാതികളും, മറ്റും നല്‍കുന്നതിന് അവസരം നൽകും.


 ജനങ്ങള്‍ക്ക് റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍, ആവശ്യങ്ങള്‍ എന്നിവ അപേക്ഷയായി ഓരോ റേഷന്‍ കടയ്ക്ക് മുന്നിലും സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളില്‍ നിക്ഷേപിക്കാം. വിവിധ ആവശ്യങ്ങളുമായി താലൂക്ക്, ജില്ലാ സപ്ലൈ ഓഫിസുകളില്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കാന്‍ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണിത്. ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യും.


: റേഷൻ കാർഡിന്‌ അപേക്ഷിച്ച്‌ കാത്തുനിൽക്കാതെ സ്വയം പ്രിന്‍റെടുത്ത്‌ ഉപയോഗിക്കാനുമാകും. റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും, ഓഫിസുകൾ കയറി ഇറങ്ങാതെ ഓൺലൈനായി ലഭിക്കും. പുസ്‌തക രൂപത്തിലുള്ള കാർഡിനുപകരം പോക്കറ്റിൽ സൂക്ഷിക്കാവുന്ന വലുപ്പത്തിലുള്ള കാർഡ് ലഭിക്കും.


വ്യത്യസ്‌ത നിറത്തിലുള്ള പരമ്പരാഗത കാർഡുകൾക്ക്‌ പകരം ഒരേ രൂപത്തിലുള്ള കാർഡുകളായിരിക്കും ഇനി. കാർഡിന്‍റെ ഒരു വശത്ത് വിഭാഗവും, നിറവും ചെറുതായി അടയാളപ്പെടുത്തും.