പളളികളെ രാഷ്ട്രീയ വേദിയാക്കാനുള്ള ലീഗ് നീക്കം തീക്കളി , (സെക്കുലർ കോൺഫറൻസ് ):

കോട്ടയം :- വഖഫ് ബോർഢ് നിയമന വിവാദത്തിൻ്റെ പേരിൽ സർക്കാരിനെ ആക്രമിക്കാൻ പള്ളിയും, മിമ്പറും ഉപയോഗപ്പെടുത്തുവാനുള്ള മുസ്ലീംലീഗിൻ്റെ നീക്കം തീക്കളിയാണെന്ന് നാഷണൽ സെകുലർ കോൺഫറൻസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

തുടർച്ചയായി ഒരു ദശാബ്ദം അധികാരത്തിൽ നിന്ന് പുറത്ത് നിൽക്കേണ്ടിവരുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ ലീഗും ചില ലീഗനുകൂല മത നേതാക്കളും നടത്തുന്ന ബാലിശമായ തന്ത്രത്തിന് ന്യൂനപക്ഷ സമൂഹങ്ങൾ വലിയ വില നൽകേണ്ടി വരും. 

 ആരാധനാലയങ്ങളില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. പള്ളികളെ പ്രതിഷേധ സ്ഥലമാക്കരുത്. ഇതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കും. മുസ്ലീം ലീഗ് നീക്കം  പള്ളികളുടെയും, കേരളത്തിന്റെയും സമാധാന അന്തരീക്ഷം തകര്‍ക്കും. തീരുമാനത്തില്‍ നിന്ന് പിന്തിരിയാനുള്ള പക്വത മുസ്ലിം ലീഗ് നേതൃത്വത്തിന് ഉണ്ടാകണം.  ലീഗ് മറ്റൊരു സംഘപരിവാറാകാനല്ല ശ്രമിക്കേണ്ടത്. രാജ്യം ഫാസിസ്റ്റ് തേരോട്ടത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ വിവേകപൂർണ്ണമായ നടപടികളാണ് ന്യൂനപക്ഷ നേതൃത്വങ്ങളിൽ നിന്ന് മതേതര സമൂഹം പ്രതീക്ഷിക്കുന്നത്.

ഇടതുപക്ഷ സർക്കാരിൽ മുസ്ലിം വിരുദ്ധത  ആരോപിക്കുന്നതിലൂടെ ആർഎസ്എസിന് ചൂട്ടുപിടിക്കുന്ന പണിയാണ്  മുസ്ലിംലീഗ്  ഏറ്റെടുത്തിരിക്കുന്നത്. വഖഫ് സ്വത്തുക്കളുടെ തിരിമറികളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ലീഗ് ഇതിലൂടെ നടത്തുന്നത്.

ആർഎസ്എസിന് ചൂണ്ടയിട്ട് മീൻപിടിക്കാവുന്ന നിലയിൽ വർഗീയത ആളികത്തിക്കുന്ന അപകടകരമായ പ്രവണത ലീഗ് അടിയന്തിരമായി അവസാനിപ്പിക്കണം.     സംഘപരിവാർ വർഗീയത വളർത്തുന്നുവെന്ന്  പ്രസ്താവന നടത്തുന്ന മുസ്‌ലിംലീഗ് നേതാക്കൾ സംഘപരിവാറിന് സമാനമായി കേരളത്തിലെ മുസ്ലിം പള്ളികൾ ഉപയോഗപ്പെടുത്തി വർഗീയ രാഷ്ട്രീയത്തിന് കളമൊരുക്കുകയാണ്. കേരളീയ പൊതു സമൂഹം വളർത്തിക്കൊണ്ടു വന്ന മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കുവാനാണ് മുസ്ലിം ലീഗ് ലക്ഷ്യം വെക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

മജീദ് മുസലിയാർ അദ്ധ്യക്ഷത വഹിച്ചു.

ജലീൽ പുനലൂർ, സിറാജ് പെരിനാട്, നിയാസ് കരിമുകിൾ, സലിം വെങ്ങാട്ട്, മൻസൂർ ബേപ്പൂർ,  റസാഖ് കോട്ടയം, ഡോ.ദസ്തഗീർ, മനു നെടുമങ്ങാട്, വിതുര രാജൻ,ഡോ. ഷാജി ജേക്കബ് ,നിഷാദ് കൊച്ചി, മുഹമ്മദ് സഖാഫി ഇടുക്കി, ജോസഫ് അരവിള ,മുസ്തഫാ മാസ്റ്റർ തൃശൂർ എന്നിവർ സംസാരിച്ചു,