സംയുക്ത സൈനികമേധാവി സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു തരിപ്പണമായി :-


സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്   സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറൽ ബിപിൻ റാവത്തിനെ കൂടാതെ അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും, സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് സൈന്യം സ്ഥിരീകരിച്ചു.

. ബിപിൻ റാവത്തും, ഭാര്യയും സഞ്ചരിച്ച വ്യോമസേനയുടെ എം.17 വി ഫൈവ് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. 

അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചു. ഉദ്യോഗസ്ഥ തലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിൻ റാവത്ത്. മുൻകരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. 


സുളൂർ വ്യോമസേന കേന്ദ്രത്തിൽൽ നിന്നും വെല്ലിംഗ്ടണ് ഡിഫൻസ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര എന്നാണ് കരസേന അറിയിക്കുന്നത്. ഡിഫൻസ് കോളേജിൽ ഇന്ന് ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിൻ്റെ പ്രഭാഷണമുണ്ടായിരുന്നു. 

 ഊട്ടിയിലേക്ക് വരാൻ ആദ്യം ആലോചിച്ചുവെങ്കിലും പ്രതിരോധമന്ത്രി പിന്നീട് ദില്ലിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.