ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഒന്ന് മുതല്‍


:23.12.2021


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ് ജനുവരി ഒന്നു മുതല്‍  ആരംഭിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച്‌ നിലവിലുള്ള കേസിലെ അന്തിമ വിധിക്കനുസരിച്ചാകും പദ്ധതി പൂര്‍ണമായി പ്രാബല്യത്തിലാവുക.

പദ്ധതിയില്‍ അംഗങ്ങളായ എല്ലാ ജീവനക്കാര്‍ക്കും (അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരൊഴികെ) പെന്‍ഷന്‍കാര്‍ക്കും അംഗത്വം നിര്‍ബന്ധമാണ്. നിലവിലെ രോഗങ്ങള്‍ക്കുള്‍പ്പെടെ പദ്ധതിയില്‍

ഉള്‍പ്പെടുത്തിയിട്ടുള്ളവയ്ക്ക് പണ രഹിത ചികിത്സ നല്‍കും. മുന്‍ എം.എല്‍.എമാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും ,തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവരും അംഗങ്ങളാണ്. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യസമിതി ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും, ഇവരുടെ ആശ്രിതരും ,പദ്ധതിയുടെ ഗുണഭോക്താക്കളാവും. തര്‍ക്കങ്ങളും, കോടതിക്കേസുകളും കാരണം അനിശ്ചിതമായി നീണ്ടുപോയ പദ്ധതിയാണ് പ്രാബല്യത്തിലാവുന്നത്. പൊതുമേഖലയിലെ ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല.

 നിര്‍ബന്ധിത അംഗങ്ങള്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അദ്ധ്യാപകര്‍, എയ്ഡഡ് സ്കൂളുകളിലേതുള്‍പ്പെടെയുള്ള അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും.

ഐശ്ചികാടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍

 സംസ്ഥാനസര്‍ക്കാരിന് കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരും ,അവരുടെ ആശ്രിതരും.

 പരിരക്ഷ ഇവിടെ

എം-പാനല്‍ ചെയ്യപ്പെട്ട പൊതു-സ്വകാര്യ ആശുപത്രികളില്‍ മാത്രം. ജീവന് ഭീഷണിയോ, അപകടമോ ,പോലുള്ള അടിയന്തരസാഹചര്യങ്ങളില്‍ എം-പാനല്‍ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ.

 ഒ.പി ചികിത്സയ്ക്കില്ല,

ഒ.പി വിഭാഗ ചികിത്സകള്‍ പദ്ധതിയിലില്ല. കേരള ഗവ. സര്‍വന്റ് മെഡിക്കല്‍ അറ്റന്‍ഡന്റ് ചട്ടങ്ങള്‍ക്ക് വിധേയരായ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, സര്‍ക്കാരാശുപത്രികളിലെയും ,തിരുവനന്തപുരം ആര്‍.സി.സി, ശ്രീചിത്ര, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലെയും ഒ.പി ചികിത്സയ്ക്ക് നിലവിലെ മെഡിക്കല്‍ റീ-ഇമ്ബേഴ്സ്മെന്റ് സമ്പ്രദായം തുടരും.

 500 രൂപ പ്രീമിയം

ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും പ്രതിമാസ ഇന്‍ഷ്വറന്‍സ് പ്രീമിയം 500 രൂപ.

 3 വര്‍ഷത്തേക്ക് 3 ലക്ഷം രൂപ പരിരക്ഷ

ഓരോ കുടുംബത്തിനും 3 വര്‍ഷത്തെ പോളിസി പരിധിയ്ക്കകത്ത് പ്രതിവര്‍ഷം 3 ലക്ഷം രൂപ നിരക്കില്‍ അടിസ്ഥാന പരിരക്ഷ. ഓരോ വര്‍ഷവും നിശ്ചയിച്ചിരിക്കുന്ന ഒന്നര ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കില്‍ അതത് വര്‍ഷം നഷ്ടമാകും. ഫ്ലോട്ടര്‍ തുകയായ 1.5ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കില്‍ പോളിസിയുടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.