നരിക്കുനിയെ കഞ്ചാവ് ലഹരിമരുന്ന് വിൽപ്പനക്കാരിൽ നിന്നും  രക്ഷിക്കാൻ:ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ  നടപടി  തുടങ്ങി:-


നരിക്കുനി:നരിക്കുനിയിലും, പരിസരപ്രദേശങ്ങളിലും  വർദ്ധിച്ചുവരുന്ന മയക്കു മരുന്ന് മാഫിയകളെ തടയുന്നതിനുവേണ്ടി  ശക്തമായ നടപടികളുമായി മുന്നോട്ടു പോവാൻ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു.

നരിക്കുനിയിലും, പരിസരങ്ങളിലും, യുവാക്കളേയും, പ്രത്യേകിച്ച് വിദ്യാർത്ഥികളേയും, വലയിൽ വീഴ്ത്തി അവരെ ഉപയോഗിച്ച്  വിതരണം നടത്തുന്നുവെന്ന വാർത്ത കഴിഞ്ഞ ആഴ്ച പല പത്രങ്ങളിലും , ഓൺലൈൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്ന സാഹചര്യത്തിൽ ഈ സംഘത്തെ അന്വേഷിച്ച് കണ്ട് പിടിക്കാനും ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും കൊടുവള്ളി, കാക്കൂർ പോലീസ് അധികാരികളുടെ സാനിദ്ധ്യത്തിൽ നടന്ന യോഗം തീരുമാനിച്ചത്.

പോലീസിനെ സഹായിക്കുന്നതിന് 50 അംഗ വളണ്ടിയർമാരെ നിയമിക്കാൻ യോഗത്തിൽ തീരുമാനമായി.

എക്സൈസ് ഡിപ്പാർട്‌മന്റിനെ ഉപയോഗപ്പെടുത്തി ബോധവൽക്കരണ പ്രവർത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചു.

പോലീസിന്റേയും , എക്സൈസിന്റേയും, പ്രത്യക സംഘത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണം നടത്താനും തീരുമാനമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി.കെ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാർ , ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷൻ മെമ്പർ ,ബ്ലോക് വൈസ് പ്രസിഡണ്ട് ,വാർഡ് മെമ്പർമാർ , എച്ച്.സി. ബ്രിജീഷ്,കൊടുവള്ളി എസ്.ഐ, കാക്കൂർ അഡീഷനൽ എസ്.ഐ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മതസംഘടന പ്രതിനിധികൾ, യുവസംഘടനാ പ്രതിനിധികൾ ,വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ, ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കടുത്തു.