എസ്.എസ്.എൽ.സി, പ്ലസ് ടു മൂല്യനിർണയം: നിയന്ത്രണം വന്നേക്കും
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഊന്നൽ നൽകുന്ന പാഠഭാഗങ്ങളിൽ നിന്നുള്ള (ഫോക്കസ് ഏരിയ) ചോദ്യങ്ങൾ 70 ശതമാനത്തിൽ പരിമിതപ്പെടുത്തുന്നതിനു പിന്നാലെ, മൂല്യനിർണയത്തിലും നിയന്ത്രണം വന്നേക്കും. നിർദേശിച്ചതിലും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ അവക്കും മാർക്ക് നൽകിയ കഴിഞ്ഞ വർഷത്തെ രീതിയാണ് ഇത്തവണ തിരുത്താൻ ആലോചിക്കുന്നത്.
പാർട്ട് തിരിച്ച് നിർദേശിച്ച എണ്ണം ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രം മൂല്യനിർണയം നടത്തിയാൽ മതിയെന്നാണ് പുതിയ നിർദേശം. എസ്.സി.ഇ.ആർ.ടി ഉൾപ്പെടെ ഇതുസംബന്ധിച്ച് ശിപാർശ സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മികച്ച ഉത്തരങ്ങൾക്കാകും മാർക്ക് നൽകുക. കഴിഞ്ഞ വർഷം 80 മാർക്കിന്റെ പരീക്ഷക്ക് 160 മാർക്കിന്റെ ചോദ്യങ്ങളാണ് നൽകിയത്. വിദ്യാർഥിക്ക് നിയന്ത്രണങ്ങളില്ലാതെ എത്ര ചോദ്യത്തിന് വേണമെങ്കിലും ഉത്തരമെഴുതാനുള്ള സ്വാതന്ത്ര്യവും നൽകിയിരുന്നു.
മുഴുവൻ ഉത്തരങ്ങളും മൂല്യനിർണയം നടത്തി പരമാവധിയിൽ കവിയാത്ത (80 മാർക്ക്) രീതിയിൽ മാർക്ക് നൽകുകയും ചെയ്തിരുന്നു. ഈ രീതിയിലുള്ള മൂല്യനിർണയവും ഫോക്കസ് ഏരിയ സമ്പ്രദായവും ഏർപ്പെടുത്തിയതോടെയാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്നേകാൽ ലക്ഷം വിദ്യാർഥികൾക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. ഇത്രയും വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം നൽകാൻ സാധിക്കാത്തത് സർക്കാറിനെ പ്രതിസന്ധിയിലാക്കിന്നു.
കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ കൈവിട്ട മൂല്യനിർണയം എ പ്ലസുകാരുടെ എണ്ണത്തിലും വിജയ ശതമാനത്തിലും വൻ വർധന സൃഷ്ടിച്ചതോടെ പ്ലസ് വൺ പരീക്ഷ മൂല്യനിർണയ രീതിയിൽ മാറ്റം വരുത്തിയിരുന്നു. നിർദേശിച്ചതിലും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയവർക്ക് മികച്ച ഉത്തരങ്ങൾക്ക് മാർക്ക് നൽകുന്ന രീതിയാണ് പ്ലസ് വൺ പരീക്ഷയിൽ സ്വീകരിച്ചത്.
*പാഠം തീരുമോ ?*
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ പരമാവധി മാർക്കിന് ഉത്തരമെഴുതാൻ മുഴുവൻ പാഠഭാഗങ്ങളും പഠിക്കേണ്ടിവരുമെന്ന സാഹചര്യമായതോടെ വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ. പാഠം പഠിപ്പിച്ചും പഠിച്ചും തീർക്കാനാകുമോ എന്നതാണ് ആശങ്ക. എസ്.എസ്.എൽ.സിക്ക് പല വിഷയങ്ങൾക്കും പാഠങ്ങൾ കൂടുതലാണ്. ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തിയ 60 ശതമാനം പാഠഭാഗങ്ങൾ പഠിപ്പിച്ചാൽ പരീക്ഷക്ക് വരുന്ന 70 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതാനാകുക. ബാക്കി 30 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയക്ക് പുറത്തുള്ള 40 ശതമാനം പാഠഭാഗങ്ങളിൽനിന്നാകും.
80 മാർക്കിന്റെ പരീക്ഷക്ക് 50 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ചോയ്സ് എന്ന നിലയിൽ മൊത്തം 120 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും. 120 മാർക്കിന്റെ 70 ശതമാനം എന്ന നിലയിൽ 84 മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന് വരുമെന്ന പ്രതീക്ഷയാണ് അധ്യാപകർ പങ്കുവെച്ചത്. എന്നാൽ, ചോദ്യപേപ്പർ പാർട്ട് അടിസ്ഥാനത്തിലായതിനാലും ചോയ്സ് പാർട്ടുകളിൽ ഒതുങ്ങിനിൽക്കുന്നതിനാലും 120 മാർക്കിന്റെ 70 ശതമാനമെന്ന നിലയിലുള്ള ആനുകൂല്യം ചോദ്യപേപ്പറിൽ ലഭിക്കില്ല. പകരം 80 മാർക്കിന്റെ 70 ശതമാനം എന്ന നിലയിൽ 56 മാർക്കിന്റെ ചോദ്യങ്ങളാകും ഫോക്കസ് ഏരിയയിൽനിന്ന് വരുക. ഇത് 40 മാർക്കിന്റെ ചോദ്യപേപ്പറിനും ബാധകമാകും. 28 മാർക്കിനുള്ള ചോദ്യങ്ങളാകും ഇതിൽ ഫോക്കസ് ഏരിയയിൽനിന്നുണ്ടാകുക.
എസ്.എസ്.എൽ.സിക്ക് സാമൂഹിക ശാസ്ത്രത്തിനു പുറമെ, ഇംഗ്ലീഷ്, മാത്സ് വിഷയങ്ങളിലും രണ്ടര മണിക്കൂറിൽ 80 മാർക്കിന്റെ പരീക്ഷയാണ് നടക്കുക. ഈ വിഷയങ്ങളും പഠിപ്പിച്ചുതീരുമോ എന്ന ആശങ്കയുണ്ട്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ എസ്.എസ്.എൽ.സി പരീക്ഷയും മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ പ്ലസ് ടു പരീക്ഷയും നടത്താനാണ് തീരുമാനം. മാർച്ച് 21 മുതൽ 25 വരെ എസ്.എസ്.എൽ.സിയുടെയും മാർച്ച് 16 മുതൽ 21 വരെ പ്ലസ് ടുവിന്റെയും മോഡൽ പരീക്ഷ നടക്കും.

0 അഭിപ്രായങ്ങള്