താരലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണു; ലേലം നിർത്തിവെച്ചു


▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ബെംഗളൂരു: ഐപിഎൽ മെഗാതാരലേലത്തിനിടെ ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണു. ലേലം വിളിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. ഇതേതുടർന്ന് ലേലം നിർത്തിവെച്ചു. ഉച്ചഭക്ഷണത്തിന് ശേഷം 3.30ന് ലേലം പുനരാരംഭിക്കും.


ഇന്നും നാളെയുമായി ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്ലാണ് ലേലം നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ലേലം ആരംഭിച്ചത്. 2018 മുതല്‍ താരലേലം നിയന്ത്രിക്കുന്നത് ഹ്യൂ എഡ്മീഡ്‌സാണ്.


ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് ശ്രേയസ് അയ്യർ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തി. ഇതുവരെ ഏറ്റവും കൂടുതല്‍ വില ലഭിച്ചത് ശ്രേയസിനാണ്.


കാഗിസോ റബാഡയെ 9.25 കോടിക്ക് പഞ്ചാബ് കിങ്‌സും പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 6.25 കോടിക്ക് ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍. ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് ആര്‍സിബി സ്വന്തമാക്കി.


പത്തു ടീമുകളിലേക്കായി ആകെ 590 താരങ്ങളാണ് ലേലത്തിനുള്ളത്. ഇതിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരുമുണ്ട്. ഇതിൽതന്നെ 228 പേർ ദേശീയ ടീമുകളിൽ കളിച്ചവരും 355 പേർ കളിക്കാത്തവരുമാണ്. ഏഴ് അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുമുണ്ട്. കേരള ടീമിൽ നിന്ന് ശ്രീശാന്ത് ഉൾപ്പെടെ പതിമൂന്ന് താരങ്ങളും ലേലത്തിനുണ്ട്.


ആകെ 161 കളിക്കാരാണ് ആദ്യ ദിനം ഫ്രാഞ്ചൈസികൾക്ക് മുന്നിലെത്തുക. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി രൂപ വിലയുള്ള 34 പേരുമാണ് ലേലത്തിനുള്ളത്. ഷാരൂഖ് ഖാൻ, ദീപക് ഹൂഡ, ആവേശ് ഖാൻ എന്നിവരെ കൂടാതെ ഇന്ത്യയുടെ അണ്ടർ-19 താരങ്ങളായ ക്യാപ്റ്റൻ യാഷ് ദുൽ, വിക്കി ഓസ്റ്റ്വാൾ, രാജ്വർധൻ ഹംഗാർഗേക്കർ എന്നിവരും ലേലത്തിനുണ്ട്.


ദക്ഷിണാഫ്രിക്കയുടെ 42 കാരനായ സ്പിന്നർ ഇമ്രാൻ താഹിറാണ് ലേലത്തിലെ ഏറ്റവും പ്രായം കൂടിയ താരം. അഫ്ഗാനിസ്ഥാന്റെ 17 കാരനായ നൂർ അഹമ്മദാണ് ഏറ്റവും പ്രായം കുറഞ്ഞത്. വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിലാണ് നൂർ ഇപ്പോൾ കളിക്കുന്നത്.


പഞ്ചാബ് കിംഗ്‌സിനാണ് ഏറ്റവും കൂടുതൽ താരങ്ങളെ വാങ്ങാനാവുക. 23 ഒഴിവുകളാണ് പഞ്ചാബിന് ഉള്ളത്, ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യൻസ് എന്നിവയ്ക്ക് 21 ഒഴിവുകളാണുള്ളത്. ബാക്കിയുള്ള ടീമുകൾക്ക് 22 ഒഴിവുകൾ വീതമുണ്ട്.


പഞ്ചാബ് കിങ്സിന് 72 കോടി രൂപയാണ് ചെലവാക്കാനുള്ളത്. ഇതാണ് ഒരു ടീമിന്റെ പക്കലുള്ള ഏറ്റവും കൂടിയ തുക. ഏറ്റവും കുറവ് ഡൽഹി ക്യാപിറ്റൽസിനാണ്, 47.5 കോടി രൂപ.


ഓസ്ട്രേലിയയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദേശ കളിക്കാർ ഉള്ളത്. 47 പേർ ഓസ്‌ട്രേലിയിൽ നിന്ന് പങ്കെടുക്കും. വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള 34 താരങ്ങളും ലേലത്തിൽ മത്സരിക്കും. ദക്ഷിണാഫ്രിക്ക 33, ശ്രീലങ്ക 23, ഇംഗ്ലണ്ട് 24, ന്യൂസിലൻഡ് 24, അഫ്ഗാനിസ്ഥാന് 17 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുടെ എണ്ണം.


എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, കേരള താരമായ ജലജ് സക്സേന, സച്ചിന്‍ ബേബി, എം.ഡി.നിധീഷ്, വിഷ്ണു വിനോദ് , ബേസില്‍ തമ്പി, മിഥുന്‍ എസ്, കെ.എം.ആസിഫ് മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മൽ, ഷോൺ റോജര്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍.