ചേളന്നൂർ: ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകളെയും ഹിന്ദി എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യം വെച്ച് ചേളന്നൂരിൽ സമ്പൂർണ ഹിന്ദി സാക്ഷരത പദ്ധതിക്ക് തുടക്കമായി.
വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് മദനൻ സാക്ഷരത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രശാന്ത് കുമാറിന് നൽകി കൊണ്ട് ലോഗോ പ്രകാശനം ചെയ്തു. പദ്ധതി ജനറൽ കൺവീനർ പ്രേരക് ശശികുമാർ ചേളന്നൂർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.കവിത, പഞ്ചായത്തംഗങ്ങളായ എൻ.രമേശൻ, ടി. വത്സല, ജനകീയാസൂത്രണ പദ്ധതി ഉപാദ്ധ്യക്ഷൻ കെ.പി. രമേഷ് കുമാർ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ടി പി. ബിനിഷ, അക്കാദമിക് കമ്മിറ്റി കൺവീനർ പി.പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.
സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റ്, സാക്ഷരത മിഷൻ, ഹിന്ദി പ്രചാരസഭ, ഡയറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ എഴുതാനും വായിക്കാനും രണ്ടാം ഘട്ടത്തിൽ ഹിന്ദി സംസാരിക്കാനും പഠിപ്പിക്കുകയാണ് ലക്ഷ്യം.


0 അഭിപ്രായങ്ങള്‍