പണിമുടക്കില്‍ കേരളം സ്തംഭിക്കും, എന്തെല്ലാം പ്രവര്‍ത്തിക്കും? ഇളവുകള്‍


 :27.03.2022


തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തുടങ്ങും.ബി എം എസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി തുടങ്ങി, 29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. സര്‍വീസ് സംഘടനകള്‍ ഉള്‍പ്പടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പണിമുടക്ക് ഹര്‍ത്താലാകും.

എല്‍ ഐ സി ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയാണ് പ്രധാനമായും പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കര്‍ഷകസംഘടനകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

അവശ്യപ്രതിരോധ സേവനനിയമം പിന്‍വലിക്കുക, കൊവിഡ് കാലപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക എന്നീ ആവശ്യങ്ങളും  ഉന്നയിക്കുന്നുണ്ട്.

സംസ്ഥാനത്ത് ജനജീവിതത്തെ പണിമുടക്ക് സാരമായി ബാധിച്ചേക്കും. സംസ്ഥാനത്ത് 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. വ്യാപാരസ്ഥാപനങ്ങള്‍ക്ക് പുറമേ വാഹനഗതാഗതവും സ്തംഭിക്കും. റേഷന്‍കടകളും, സഹകരണബാങ്കുകളും, ഞായറാഴ്ച പ്രവര്‍ത്തിച്ചിരുന്നു. കൊച്ചി ബിപിസിഎല്ലിലെ പണിമുടക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാല്‍ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് യൂണിയനുകള്‍.

സംസ്ഥാനത്ത് ബസ് ഗതാഗതം സ്തംഭിക്കുമെന്നുറപ്പാണ്. ഇന്ന് ഉച്ചയോടെ ബസ് സമരം പിന്‍വലിച്ചിരുന്നു. പല സ്വകാര്യബസ്സുകളും ഇന്ന് സര്‍വീസ് നടത്തിയെങ്കിലും അര്‍ദ്ധരാത്രിയോടെ സര്‍വീസ് അവസാനിപ്പിക്കുന്നതിനാല്‍, നാളെക്കഴിഞ്ഞ് ബുധനാഴ്ചയോടെ മാത്രമേ സംസ്ഥാനത്ത് ബസ് ഗതാഗതം സാധാരണ നിലയിലാകൂ. ഓട്ടോ, ടാക്സി സര്‍വീസുകളും പണിമുടക്കില്‍ പങ്കെടുക്കും.

പാല്‍, പത്രം, ആശുപത്രികള്‍, എയര്‍പോര്‍ട്ട്, ഫയര്‍ ആന്‍റ് റെസ്ക്യൂ എന്നീ അവശ്യസര്‍വീസുകള്‍ പണിമുടക്കിലുണ്ടാകില്ല. സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്നാണ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കെ എസ്‌ ആര്‍ ടി സി അടക്കമുള്ള സര്‍വീസുകളിലെ ജീവനക്കാരും ,സ്വകാര്യ ബസ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ ബസ് സര്‍വീസുകള്‍ ഓടില്ലെന്നുറപ്പാണ്.

ദേശീയ പണിമുടക്ക് ട്രഷറികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. പണിമുടക്ക് മുന്നില്‍ കണ്ട് ബില്ലുകള്‍ മാറുന്നതില്‍ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. അവധി ദിവസമായ ഇന്നും ട്രഷറി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, പദ്ധതി വിഹിതം ചെലവാക്കുന്നതില്‍ പണിമുടക്ക് ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.