അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് ഇനി മുതല്‍ പൊലീസിന്റെ ക്യാഷ് അവാര്‍ഡ് :-


 24.04.2022


കോഴിക്കോട്- അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് സംസ്ഥാന പൊലീസ് മേധാവി. 


ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്നാണ് പ്രഖ്യാപനം. സഹായിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് യോഗ്യത ഉറപ്പ് വരുത്തിയതിനുശേഷമാകും ക്യാഷ് പ്രൈസുകള്‍ നല്‍കുക.


ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പോലീസ് വിശദവിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അവാര്‍ഡിനുള്ള അര്‍ഹത രക്ഷപ്പെടുത്തിയ ആള്‍ക്കുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ അക്കാര്യം നിശ്ചിത മാതൃകയില്‍ ജില്ലാതല അപ്രൈസല്‍ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്റ്ററെ അറിയിക്കും. ഇതിന്റെ ഒരു പകർപ്പ് രക്ഷപ്പെടുത്തിയ ആൾക്ക് നൽകുകയും ചെയ്യും.


ജില്ലാതല അപ്രൈസൽ കമ്മിറ്റി ഇത്തരം ശുപാർശകൾ എല്ലാമാസവും പരിശോധിച്ച് അർഹമായവ ഗതാഗത കമ്മീഷണർക്ക് അയച്ചുകൊടുക്കും. അർഹരായവർക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാർഡ് നൽകുന്നത്.പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താനായി സംസ്ഥാനതല നിരീക്ഷണസമിതിക്കും രൂപം നൽകിയിട്ടുണ്ട്. മൂന്നുമാസത്തിലൊരിക്കൽ യോഗം ചേരുന്ന സമിതി ഏറ്റവും സ്തുത്യർഹമായ രക്ഷാപ്രവർത്തനം കാഴ്ചവെച്ച മൂന്നുപേരെ ദേശീയ അവാർഡിന് പരിഗണിക്കുന്നതിനായി കേന്ദ്ര സർക്കാരിലേയ്ക്ക് നാമനിർദ്ദേശം ചെയ്യും. സംസ്ഥാനതല നിരീക്ഷണസമിതിയിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി വിഭാഗം ഐ.ജി എന്നിവർ അംഗങ്ങളും ,ഗതാഗത കമ്മീഷണർ മെമ്പർ സെക്രട്ടറിയുമാണ്