പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളും ആസൂത്രിതം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് വിജയ് സാഖറെ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. രണ്ടു കേസുകളിലെ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഒരു തരത്തിലുമുള്ള വീഴ്ചകളും ഇല്ലാതെ അന്വേഷണം പൂർത്തിയാക്കും. വളരെ വേഗത്തിൽ രണ്ട് കേസിലുമുള്ള പ്രതികളെ പിടികൂടാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ശ്രീനിവാസൻ വധക്കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാൻ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ ഇവരേയും പിടികൂടും. രണ്ട് കേസുകളുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യംചെയ്തുവരികയാണ്. ഇതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂ എന്ന് വിജയ് സാഖറെ പറഞ്ഞു. നിലവിൽ നല്ല രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളും ആസൂത്രിതമാണെന്നും രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലും വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായ പാലക്കാട് മേലാമുറിയില്‍ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാറ ഏരിയാ പ്രസിഡന്റായ കുപ്പിയോട് സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടാണ് ശ്രീനിവാസന്റെ കൊലപാതകം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതികള്‍ എത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. ആറ് പേരാണ് സംഘം ചേര്‍ന്നെത്തി ശ്രീനിവാസനെ കൊലപ്പെടുത്തിയത്