പാലക്കാട്ടെ കൊലപാതകങ്ങള്‍ തീവ്രവാദ സ്വഭാവമുള്ളത്; പോലീസ് ശക്തമായി ഇടപെടും - മന്ത്രി


▂▂▂▂▂▂▂▂▂▂▂▂▂▂▂▂


കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബിജെപി ഇറങ്ങിപ്പോയത് അവര്‍ മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സമാധാനം നിലനിര്‍ത്താന്‍ തങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടാകുമെന്ന് അവര്‍ യോഗത്തില്‍ അറിയിച്ചുവെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോകാന്‍ ശ്രമിക്കുമെന്നും സമാധാന ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.


പാലക്കാട്ട് നടന്ന കൊലപാതകങ്ങള്‍ തീവ്രവാദ സ്വഭാവമുള്ളതാണ്. ഇത്തരം കാര്യങ്ങള്‍ തടയുക എളുപ്പമല്ല. വരും ദിവസങ്ങളില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ കാര്യക്ഷമായ ഇടപെടലുകളുണ്ടാകും. കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പോലീസ് കടക്കും. ഇത്തരം അവസരങ്ങളില്‍ എല്ലാവരേയും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയെന്നത് പ്രധാനമാണ്. അതിനുള്ള ശ്രമങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ തുടരും- മന്ത്രി പറഞ്ഞു.


ബിജെപി അവരുടെ നിലപാട് വ്യക്തമാക്കിയ ശേഷം പോലീസിനെ കുറ്റപ്പെടുത്തിയ ശേഷമാണ് ഇറങ്ങിപ്പോയത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും കാര്യങ്ങള്‍ പറഞ്ഞു.അതില്‍ ചില വിമര്‍ശനങ്ങള്‍ ഉള്ളത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോകും. പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാണ് ബിജെപി അഭിപ്രായപ്പെട്ടത്. വര്‍ഗീയമായ ഒരു ചേരിതിരിവ് ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.