പുതിയ കോവിഡ് വകഭേദം 'XE' ഇന്ത്യയില്‍ സ്ഥിരീകരിച്ചു; ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
പുതിയ കോവിഡ് 'എക്‌സ്.ഇ (XE)' വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. മുംബൈയിലെ 50 വയസുകാരിയായ രോഗിയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോണിനെക്കാള്‍ തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണിത്.
ഫെബ്രുവരി പത്തിനാണ് കൊസ്റ്റ്യൂം ഡിസൈനറായ ഇവര്‍ ആഫ്രിക്കയില്‍നിന്ന് തിരിച്ചെത്തിയത്. അന്നുനടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. നിലവില്‍ നിരീക്ഷണത്തിലുള്ള രോഗി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതാണെന്നും മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു.
230 പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് ഒരാളില്‍ പുതിയ വകഭേദം കണ്ടെത്തിയത്. മറ്റൊരാളില്‍ 'കാപ്പാ' വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ള 228 സാംപിളുകള്‍ ഒമിക്രോണ്‍ പോസിറ്റീവാണെന്നും ബിഎംസി പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.എക്‌സ്.ഇ വകഭേദം ബ്രിട്ടണിലാണ് ആദ്യം കണ്ടെത്തിയത്. ഒമിക്രോണ്‍ ബിഎ 1, ബിഎ 2 വകഭേദങ്ങള്‍ക്ക് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ വൈറസാണ് എക്‌സ്.ഇ. പ്രാഥമിക പഠനങ്ങള്‍ പ്രകാരം ഒമിക്രോണിന്റെ ബിഎ- 2 വകഭേദത്തേക്കാള്‍ പത്ത് മടങ്ങ് വ്യാപനശേഷിയുള്ളതാണ് പുതിയ വൈറസെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
കോവിഡിന്റെ ഒന്നിലധികം വകഭേദങ്ങള്‍ ഒരു രോഗിയെ ബാധിക്കുമ്പോഴാണ് വൈറസുകള്‍ക്ക് ഇത്തരത്തില്‍ ജനതകമാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് നേരത്തെ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു


0 അഭിപ്രായങ്ങള്‍