സേവന നിലവാരം വിലയിരുത്താൻ ഉപഭോക്താക്കൾക്കിടയിൽ ഓൺലൈൻ സർവ്വേയുമായി കെ എസ് ഇ ബി


കെ എസ് ഇ ബിയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെപ്പറ്റിയുള്ള ഉപഭോക്താക്കളുടെ അഭിപ്രായം തേടി ഓൺലൈൻ സർവ്വേയുമായി കെ എസ് ഇ ബി ലിമിറ്റഡ്. കെ എസ് ഇ ബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ wss.kseb.in ലൂടെയാണ് സർവ്വേ നടത്തുന്നത്. രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് സൈറ്റിൽ പ്രവേശിച്ച് അഭിപ്രായം രേഖപ്പെടുത്താൻ കഴിയും.


വൈദ്യുതി വിതരണം, പരാതി പരിഹരിക്കൽ, ഓൺലൈൻ പണമടയ്ക്കൽ, വാതിൽപ്പടി സേവനം, ബില്ലിംഗ്, പുരപ്പുറ സൗരോർജ്ജ പദ്ധതി, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള 15 ചോദ്യങ്ങളാണ് ഈ സർവ്വേയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വൈദ്യുതി സേവനം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ രേഖപ്പെടുത്താനും അവസരമുണ്ട്.


ചോദ്യാവലി തെറ്റ് കൂടാതെ പൂർണമായും പൂരിപ്പിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് 50,000 രൂപയും രണ്ട് രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപ വീതവും സമ്മാനം നൽകും. ഇതു കൂടാതെ ഓരോ വിതരണ ഡിവിഷനിലും നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക് 1000 രൂപ സമ്മാനം നൽകും.


കെ എസ് ഇ ബി ഉപഭോക്താക്കൾക്ക് ജൂൺ ആദ്യവാരം വരെ  wss.kseb.in ൽ ലോഗിൻ ചെയ്ത് അഭിപ്രായം രേഖപ്പെടുത്താൻ അവസരമുണ്ട്. ഉപഭോക്തൃ സർവ്വേയിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് അതിനനുസൃതമായി സേവന നിലവാരം മെച്ചപ്പെടുത്തുകയാണ് കെ എസ് ഇ ബിയുടെ ലക്ഷ്യം