അപൂർവ്വ രോഗവുമായി രണ്ടുവയസ്സുകാരി ഗൗരി ലക്ഷ്മി: 25 ലക്ഷം ചികിത്സ സഹായവുമായി യൂസഫലി


▂▂▂▂▂▂▂▂▂▂▂▂▂▂▂▂


അപൂർവ രോഗം ബാധിച്ച് ജീവിതത്തിലേക്ക് മടങ്ങി വരാൻ ശ്രമിക്കുന്ന ഗൗരിലക്ഷ്മിക്ക് പ്രതീക്ഷയുമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി എത്തി. അപൂര്‍വരോഗം ബാധിച്ച ഷൊര്‍ണൂര്‍ കല്ലിപ്പാടത്തെ രണ്ടുവയസുകാരി ഗൗരിലക്ഷ്‌മിയ്‌ക്കും കുടുംബത്തിനുമാണ് യൂസഫലി സഹായ ഹസ്തം നീട്ടിയത്. കുട്ടിയുടെ ചികിത്സാ സഹായമായി 25 ലക്ഷം രൂപ നല്‍കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 


എസ്എംഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അസുഖം ബാധിച്ച കുട്ടിയാണ് ഗൗരിലക്ഷ്‌മി. ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി വലിയൊരു തുകയാണ് വേണ്ടത്. വിദേശത്തുനിന്ന്‌ മരുന്ന്‌ എത്തിക്കാനടക്കം 16 കോടി രൂപയാണു ചികിത്സാച്ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. സുമനസുകളുടെ സഹായം കൊണ്ട്‌ 13 കോടി രൂപ ഇതുവരെ സമാഹരിച്ചു. ബാക്കി തുക കണ്ടെത്താന്‍ ഗൗരിലക്ഷ്‌മിയുടെ അച്‌ഛന്‍ ലിജു പരിശ്രമം തുടരുകയായിരുന്നു. 


കുട്ടിക്ക് രണ്ടു വയസ്സ് ആകുമ്പോൾ തന്നെ ഈ രോഗത്തിന് ചികിത്സ ആരംഭിക്കേണ്ടതുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. കഴിഞ്ഞ മാസം കുട്ടിക്ക് രണ്ടു വയസ്സ് പൂർത്തിയായി. അതുകൊണ്ടുതന്നെ എത്രയും വേഗം ചികിത്സ ആരംഭിക്കേണ്ടതുണ്ട്. ബാക്കി തുകയ്ക്ക് ആയി എന്തുചെയ്യണമെന്ന ചിന്തയും മനസ്സിലിട്ട് വിഷമിക്കുന്ന കുടുംബത്തിനു മുന്നിൽ എം എ യൂസഫലി സഹായഹസ്തവുമായി എത്തുകയായിരുന്നു. 


ഗൗരിലക്ഷ്മിയുടെ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് യൂസഫലി ചികിത്സയുടെ കാര്യത്തിൽ ഇടപെടലുമായി രംഗത്തെത്തിയത്. കുട്ടിയുടെ കുടുംബത്തിന്‌ ചികിത്സാ സഹായമായി 25 ലക്ഷം രൂപ അടിയന്തരമായി കൈമാറാന്‍ യൂസഫലി നിര്‍ദേശം നല്‍കുകയായിരുന്നു. യൂസഫലിയുടെ നിർദ്ദേശം ലഭിച്ചയുടൻ ലുലു ഗ്രൂപ്പ്‌ അധികൃതര്‍ ഷൊര്‍ണൂരിലെ ഗൗരിലക്ഷ്‌മിയുടെ വീട്ടിലെത്തി 25 ലക്ഷം രൂപയുടെ ചെക്ക്‌ കൈമാറാനാണ് ഉദ്ദേശിക്കുന്നത്. 


നേരത്തെ ലോക കേരള സഭയില്‍നിന്ന് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി വ്യവസായി എംഎ യൂസഫല രംഗത്തെത്തിയതിന് തുടർന്ന് പ്രതിപക്ഷ നിരയിൽ നിന്നും അദ്ദേഹം വളരെയധികം വിമർശനങ്ങൾ നേരിട്ടിരുന്നു. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണു പ്രവാസികള്‍ എത്തിയതെന്നും താമസ സൗകര്യവും ഭക്ഷണവും നല്‍കിയതാണോ ധൂര്‍ത്തെന്നും യൂസഫലി ചോദിച്ചിരുന്നു. നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ? പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം ദിവസത്തെ ചടങ്ങില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. 


ലോകത്ത് എന്തു പ്രശ്‌നങ്ങള്‍ സംഭവിച്ചാലും ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രവാസികളാണ്. യുദ്ധമുണ്ടായാലും കോവിഡ് വന്നാലും രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായാലും ബുദ്ധിമുട്ട് നേരിടുന്നതു പ്രവാസികളാണ്. ഇതെല്ലാം നേരിട്ട് എന്തെങ്കിലും സമ്പാദിച്ച് ഇവിടെ കേരളത്തില്‍ കൊണ്ടുവന്നു നിക്ഷേപം നടത്തുമ്പോള്‍ പല പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു.നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിക്കുമ്പോള്‍ ഇവിടെ ഇന്‍വെസ്റ്റ്മെൻ്റ് പ്രൊട്ടക്ഷന്‍ ഇല്ലെന്നതാണു സത്യം. പ്രവാസികളോടു വളരെയധികം സ്‌നേഹവും സാഹോദര്യവും കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും യൂസഫലി ആവശ്യപ്പെട്ടിരുന്നു.