സ്വര്‍ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം, ജനങ്ങളെ അണിനിരത്തി ചെറുക്കും: കോടിയേരി

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


സ്വര്‍ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയെയും കുടുംബത്തെയും വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും വസ്തുതകള്‍ വിശദീകരിച്ചു കൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കോടിയേരി പറഞ്ഞു. കള്ളക്കഥകള്‍ക്കു മുമ്പില്‍ സി പി എം മുട്ടുമടക്കില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നുവന്നതോടെ തന്നെ മുഖ്യമന്ത്രി അന്വേഷണം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരായ ആരോപണം അന്വേഷിച്ചു. എന്നാല്‍, ബി ജെ പി ബന്ധമുള്ളവരിലേക്കാണ് അന്വേഷണം എത്തിയത്. സ്വര്‍ണം ആരയച്ചു എന്ന് കണ്ടെത്തിയില്ല. കൈപ്പറ്റിയത് ആരെന്നും കണ്ടെത്തിയില്ല. അന്വേഷണം പിന്നീട് നിലച്ചു. അയച്ച ആളും സ്വീകരിച്ച ആളും പ്രതിയാണോ എന്നതാണ് ചോദ്യം. സ്വപ്‌നയുടെ മൊഴിയില്‍ അടിമുടി വൈരുധ്യമാണ്. സ്വര്‍ണക്കടത്ത് കേസ് പ്രതി 164 കൊടുത്തു. കൊടുത്തയാള്‍ തന്നെ അത് പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്. അമേരിക്കയില്‍ മൂന്നു തവണ പോയിട്ടുണ്ടെന്നും അത് ചികിത്സക്കായിരുന്നുവെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടിയാണ് അതിനുള്ള ചെലവ് വഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.