ലഹരി മാഫിയാ സംഘത്തെ നിലക്കു നിര്‍ത്തണം; കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍


കോഴിക്കോട്: ലഹരി മാഫിയാ സംഘത്തിന്റെ അക്രമം സംബന്ധിച്ച വാര്‍ത്ത നല്‍കിയതിന് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ അംഗവും ജനശബ്ദം, കുന്ദമംഗലം ന്യൂസ് ചീഫ് എഡിറ്ററുമായ സിബ്ഗതുള്ളക്ക് നേരെ ലഹരിമാഫിയാ സംഘം ഭീഷണി മുഴക്കിയ സംഭവത്തില്‍ അസ്സോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. ലഹരിമാഫിയാ സംഘങ്ങളെ നിലക്കു നിര്‍ത്താന്‍ അധികൃതര്‍ തയ്യാറാവണമെന്നും ഇവരുടെ കെണിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അകപ്പെടുന്നതിനെതിരെ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജു കക്കയം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്നൂര്‍, ട്രഷറര്‍ ദാസ് വട്ടോളി, ശരീഫ് കിനാലൂര്‍, സി കെ ബാല കൃഷ്ണന്‍, അഷ്‌റഫ് നാദാപുരം, സി കെ ആനന്ദന്‍, ഹാഷിം വടകര, പ്രശാന്ത്, പി സി രാജേഷ്, സൈനുല്‍ ആബിദ് പുല്ലാളൂര്‍ എന്നിവര്‍ സംസാരിച്ചു.