തമിഴ്‌നാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


തമിഴ്‌നാട്ടിലെ കടലൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലെ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം പത്തിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.


എ. മോനിഷ(16), ആര്‍. പ്രിയദര്‍ശിനി (15), സഹോദരിയായ ആര്‍. ദിവ്യദര്‍ശിനി(10), എം. നവനീത(18), കെ. പ്രിയ(18), എസ്. സാങ്‌വി(16), എം. കുമുദ(18) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം കുച്ചിപ്പാളയം കുറുഞ്ഞിപ്പാഡി സ്വദേശികളാണെന്നാണ് വിവരം.


ഉച്ചക്ക് 12.45-ഓടെയാണ് പെണ്‍കുട്ടികളെല്ലാം ചെക്ക് ഡാമില്‍ കുളിക്കാനെത്തിയത്. ഇതിനിടെ കൂട്ടത്തിലെ ചെറിയ കുട്ടികള്‍ ചുഴിയില്‍പ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു പെണ്‍കുട്ടികളും അപകടത്തില്‍പ്പെട്ടത്. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.