അഗ്നിവീര്‍ സേനാ റിക്രൂട്ട് മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് കര-നാവിക- വ്യോമസേനകള്‍

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീര്‍സേനയിലേയ്ക്കുള്ള റിക്രൂട്ട് മെന്റ് തീയതിയും എഴുത്തുപരീക്ഷാ ദിനവും ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍ പ്രഖ്യാപിച്ചു. ഇനി റിക്രൂട്ട്‌മെന്റുകള്‍ അഗ്നപഥ് വഴി മാത്രമായിരിക്കുമെന്ന സേനാ മേധാവികള്‍ സ്ഥിരീകരിച്ചു.  അഗ്‌നിവീറിന്റെ ആദ്യ ബാച്ചിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ ജൂണ്‍ 24 മുതല്‍ ആരംഭിക്കുമെന്ന് വ്യോമസേന പ്രഖ്യാപിച്ചു. നാവിക സേനയയുടേത്    കരസേനയിലെ റിക്രൂട്ട് മെന്റ് വിജ്ഞാപനം ജൂണ്‍ 20 തിങ്കളാഴ്ച ഇറങ്ങും 


അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് പ്രതിരോധമന്ത്രാലയം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. റിക്രൂട്ട്‌മെന്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളാണ് കലാപത്തിനു പിന്നിലെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. അക്രമങ്ങളില്‍ പങ്കുള്ളവര്‍ക്ക് സേനയില്‍ സ്ഥാനമുണ്ടാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മൂന്നു സേനയുടേയും തലവന്‍ന്മാര്‍ ഡല്‍ഹിയില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കപ്പെട്ടത്. 


കരസേനയിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി ഡല്‍ഹിയില്‍ അറിയിച്ചു. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.


വ്യോമസേനയുടെ ഓണ്‍ലൈന്‍ പരീക്ഷാ നടപടികള്‍  ജൂലൈ 24 മുതല്‍ ആരംഭിക്കും. ഡിസംബര്‍ 30ന് പരിശീലനം തുടങ്ങുന്ന രീതിയിലാണ് ഷെഡ്യൂള്‍. പ്രവേശന പരീക്ഷ ജൂലൈ 10നും നടക്കും. റിക്രൂട്ട് മെന്റിന്റെ വിശദാംശങ്ങള്‍ നേരത്തേ തന്നെ വ്യോമസേന പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബറോടെ ആദ്യ ബാച്ച് എന്റോള്‍ ചെയ്യുമെന്നും ഡിസംബര്‍ 30ന് പരിശീലനം ആരംഭിക്കുമെന്നും എയര്‍ മാര്‍ഷല്‍ എസ് കെ ഝാ പറഞ്ഞു.


ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് സ്‌കീം അനുസരിച്ച് നാവികസേനയില്‍ 25-നായിരിക്കും റിക്രൂട്ട്‌മെന്റ് പരസ്യം നല്‍കുക. നാവികസേനയിലും ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനുള്ളില്‍ത്തന്നെ നടക്കും. നവംബര്‍ 21 മുതല്‍ നാവികസേനയുടെ ആദ്യ ബാച്ച് ഒഡീഷയിലെ പരിശീലന സ്ഥാപനമായ ഐഎന്‍എസ് ചില്‍കയില്‍ എത്തുമെന്ന വൈസ് അഡ്മിറല്‍ ദിനേഷ് ത്രിപാഠി പറഞ്ഞു. നാവികസേനയ്ക്കായി വനിതാ അഗ്‌നിവീരന്മാരെയും റിക്രൂട്ട് ചെയ്യുമെന്ന് ദിനേഷ് ത്രിപാഠി അറിയിച്ചു. 


കരസേനയിലെ 'അഗ്‌നിവീര്‍ സൈനികര്‍'  46,000 ആയി തുടരില്ല, സമീപഭാവിയില്‍ തന്നെ 1.25 ലക്ഷമായി ഉയരുമെന്ന് ലെഫ്റ്റനന്റ് ജനറല്‍ അരുണ്‍ പുരി അറിയിച്ചു. സേവനത്തിനിടെ വീരമൃത്യു വരിച്ചാല്‍ അഗ്‌നിവീരന്മാരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു. 


സാധാരണ സൈനികര്‍ക്ക് ലഭിക്കുന്ന അതേ അലവന്‍സ് അഗ്‌നിവീര്‍ സേനക്കും ലഭിക്കുമെന്ന് സൈന്യം വ്യക്തമാക്കുന്നു

നിലവില്‍ സേവനമനുഷ്ഠിക്കുന്ന സാധാരണ സൈനികര്‍ക്ക് ബാധകമായ അതേ അലവന്‍സ് സിയാച്ചിന്‍ പോലുള്ള പ്രദേശങ്ങളിലും മറ്റ് പ്രദേശങ്ങളിലും അഗ്‌നിവീരന്മാര്‍ക്കും ലഭിക്കും. സേവന വ്യവസ്ഥകളില്‍ അവരോട് വിവേചനം ഉണ്ടാവില്ല. 


പ്രതിരോധരംഗത്തെ ജോലി ഒരു വികാരമാണ്, അതിനെ ശമ്പളത്തില്‍ അളക്കാനാവില്ലെന്നും ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു. ഭാവിയിലെ യുദ്ധങ്ങള്‍ സാങ്കേതിക പരിജ്ഞാനമുള്ളതായിരിക്കും, വ്യത്യസ്ത തരത്തിലുള്ള സൈനികരെ ആവശ്യമുണ്ട്. അതിന് അനുസൃതമായ പരിശീലനമാകും ലഭ്യമാക്കുകയെന്നും ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു. 

അഗ്‌നിപഥ് യുവത്വത്തിന്റെയും അനുഭവപരിചയത്തിന്റെയും അനുയോജ്യമായ സമ്മിശ്രമണമാണെന്നും അദ്ദേഹം പറഞ്ഞു.