വാഹനാപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച 3.43 ലക്ഷം രൂപ കനിവ്  ആംബുലന്‍സ് ജീവനക്കാര്‍ കൊടുവള്ളി പോലീസിന് കൈമാറി.:


കോഴിക്കോട്: വാഹനാപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച 3.43 ലക്ഷം രൂപ കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ കൊടുവള്ളി പോലീസിന് കൈമാറി.


നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നിഖില്‍ ജോസ്, പൈലറ്റ് കാര്‍ത്തിക്ക് എന്‍ആര്‍ എന്നിവരാണ് അപകടസ്ഥലത്ത് നിന്ന് റോഡില്‍ ചിതറി കിടന്ന നിലയില്‍ നാട്ടുകാര്‍ ശേഖരിച്ച നല്‍കിയ 3.43 ലക്ഷം രൂപ കൊടുവള്ളി പോലീസിന് കൈമാറിയത്.


വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.25 നാണ് മറ്റൊരു രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആക്കി മടങ്ങുകയായിരുന്ന കനിവ് 108 ആംബുലന്‍സിന് കൊടുവള്ളി ടൗണിനു സമീപത്ത് അപകടം നടന്നതായിയുള്ള അത്യാഹിത സന്ദേശം കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിക്കുന്നത്. തുടര്‍ന്ന് നിഖില്‍ ജോസും, കാര്‍ത്തിക്കും സംഭവ സ്ഥലത്തെത്തി. കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ കാര്‍ യാത്രികനും ബൈക്ക് യാത്രികനും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. ഇവര്‍ക്ക് ഉടന്‍ തന്നെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നിഖില്‍ ജോസ് പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി.


അപ്പോഴാണ് വാഹനങ്ങളില്‍ ഏതിലൊ ഒന്നില്‍ നിന്ന് റോഡിലേക്ക് ചിതറിയ നിലയില്‍ കണ്ട നോട്ടുകള്‍ നാട്ടുകാര്‍ ശേഖരിച്ച്‌ ആംബുലന്‍സ് സംഘത്തിന് നല്‍കിയത്. തുടര്‍ന്ന് പരിക്ക് പറ്റിയ ഇരുവരെയും 108 ആംബുലന്‍സ് സംഘം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇവരുടെ പരിക്ക് ഗുരുതരമായതിനാലും അര്‍ദ്ധ ബോധരഹിര്‍ ആയതിനാലും പണം ഇവരുടെ കൈയ്യില്‍ നല്‍കുന്നത് സുരക്ഷിതം അല്ലെന്ന് മനസിലാക്കി 108 ആംബുലന്‍സ് ജീവനക്കാര്‍ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വാഹനാപകടം നടന്ന സ്ഥലത്തിന് സമീപമുള്ള കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ പണം കൈമാറുകയായിരുന്നു.