പ്ലസ് വൺ അപേക്ഷ സമർപ്പണം ആരംഭിച്ചു:അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
✅ കേരളത്തിലെ പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകളിലേക്ക് ഏകജാലക സംവിധാനത്തിലൂടെ ജൂലായ് 11 മുതൽ 18 വരെ അപേക്ഷിക്കാം.
✅ *അപേക്ഷ*
www.admission.dge.kerala.gov.in വഴിയാണ് നൽകേണ്ടത്. അവിടെ ‘ക്ലിക് ഫോർ ഹയർസെക്കൻഡറി അഡ്മിഷൻ’ ലിങ്ക് വഴി നിശ്ചിത പേജിലെത്തി ‘ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗിൻ’ ലിങ്ക് വഴി, അവിടെയുള്ള നിർദേശങ്ങൾപ്രകാരം, മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. (വൺ ടൈം പാസ്‌വേർഡ്) നൽകി, പ്രവേശന നടപടികൾക്കായി തന്റേതായ പേജ് രൂപപ്പെടുത്താം. ഇങ്ങനെ സൃഷ്ടിക്കുന്ന കാൻഡിഡേറ്റ് ലോഗിൻവഴിയാണ് പ്രവേശനത്തിനുള്ള അപേക്ഷാസമർപ്പണവും തുടർന്നുള്ള പ്രവേശനപ്രവർത്തനങ്ങളും നടത്തേണ്ടത്. ഈ പേജിലെ ‘അപ്ലൈ ഓൺലൈൻ’ ലിങ്ക് വഴിയാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്. അതിനുള്ള മാർഗനിർദേശങ്ങൾ hscap.kerala.gov.in -ലെ പ്രോസ്പക്ടസ് ലിങ്കിലെ അനുബന്ധം 5-ൽ നൽകിയിട്ടുണ്ട്. പൊതുവിവരങ്ങൾ നൽകിയശേഷം ഗ്രേഡ് വിവരങ്ങൾ നൽകണം. തുടർന്ന് പ്രവേശനം ആഗ്രഹിക്കുന്ന ഓപ്ഷനുകൾ നൽകണം.
✅ *ഓപ്ഷൻ*
ഒരു സ്കൂളും ഒരു സബ്ജക് കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. അപേക്ഷാർഥി പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും ആ സ്കൂളിലെ ഏറ്റവും ഇഷ്ടപ്പെടുന്ന സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാം ഓപ്ഷനായി നൽകേണ്ടത്. അത് ലഭിക്കുന്നില്ലെങ്കിൽ രണ്ടാമതായി തന്നെ പരിഗണിക്കേണ്ട സ്കൂളും സബ്ജക്ട് കോമ്പിനേഷനുമാണ് രണ്ടാം ഓപ്ഷനായി നൽകേണ്ടത്. ഇപ്രകാരം മുൻഗണന നിശ്ചയിച്ച് താത്പര്യമുള്ള ഓപ്ഷനുകൾ നൽകാം.
ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ അനുബന്ധത്തിൽ നൽകിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള സ്കൂളുകളുടെ പട്ടിക, ഓരോന്നിലുമുള്ള സബ്ജക്ട് കോമ്പിനേഷനുകൾ, ലഭ്യമായ ഭാഷാവിഷയം (സെക്കൻഡ് ലാംഗ്വേജ്) എന്നിവ വ്യക്തമാക്കി, അനുബന്ധം 7-ൽ ലഭിക്കും. ഇതു പരിശോധിച്ച് മുൻഗണനാക്രമം നിശ്ചയിക്കാം.
ഓപ്ഷനുകൾ നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കൂടുതൽ താത്പര്യമുള്ള ഓപ്ഷനുകൾ ആദ്യമാദ്യം നൽകണം. കുറഞ്ഞ താത്പര്യമുള്ളവ താഴെയായി വരണം. ഏതെങ്കിലും ഓപ്ഷൻ അനുവദിച്ചുതന്നാൽ അതിനു താഴെയുള്ളവ (ലോവർ ഓപ്ഷനുകൾ) സ്വമേധയാ റദ്ദാകും. എന്നാൽ, അതിനുമുകളിലുള്ളവ (ഹയർ ഓപ്ഷൻസ്) സ്ഥിരപ്രവേശനം നേടുംവരെ നിലനിൽക്കും. ഹയർ ഓപ്ഷനുകളിൽ താത്പര്യമില്ലാത്തവ സമയപരിധിക്കകം റദ്ദുചെയ്യാൻ അവസരം ലഭിക്കും. താത്പര്യമുള്ളത്രയും ഓപ്ഷനുകൾ നൽകാം. പക്ഷേ, അനുവദിച്ചുതന്നാൽ സ്വീകരിക്കുമെന്നുറപ്പുള്ള ഓപ്ഷനുകൾമാത്രമേ നൽകാവൂ. അനുവദിച്ച ഓപ്ഷൻ സ്വീകരിക്കാതിരുന്നാൽ-താത്കാലികമായോ സ്ഥിരമായോ ഉള്ള പ്രവേശനം നേടാതിരുന്നാൽ ആ അലോട്ട്മെൻറ് നഷ്ടപ്പെടും. ഒപ്പം, അപേക്ഷാർഥിപ്രക്രിയയിൽനിന്ന് പുറത്താകും. തുടർ അലോട്ട്‌മെൻറുകളിലേക്ക് അപേക്ഷാർഥിയെ പരിഗണിക്കുന്നതല്ല.
✅ *സ്ഥിരപ്രവേശനം, താത്കാലിക പ്രവേശനം*
തന്റെ ഒന്നാം ഓപ്ഷൻതന്നെ അനുവദിക്കപ്പെട്ടാൽ വിദ്യാർഥി ഫീസ് അടച്ച് ബന്ധപ്പെട്ട സ്കൂളിൽ പ്രവേശനം നേടണം. ഇത് സ്ഥിരപ്രവേശനമാണ് (താഴ്ന്ന ഓപ്ഷനുകൾ സ്വമേധയാ റദ്ദാകുമല്ലോ. അപ്പോൾ ഒരു മാറ്റം ഉണ്ടാകില്ല). എന്നാൽ, താഴ്ന്ന ഒരു ഓപ്ഷൻ ലഭിക്കുന്ന വിദ്യാർഥിക്ക് താത്കാലിക പ്രവേശനം നേടി, ഉയർന്ന ഓപ്ഷനുകളിലേക്കുള്ള മാറ്റത്തിനായി കാത്തിരിക്കാവുന്നതാണ്. താത്കാലിക പ്രവേശനം നേടാതിരുന്നാൽ പ്രക്രിയയിൽനിന്ന് പുറത്താകും.
മെറിറ്റ് സീറ്റിലേക്ക്, ഒരു റവന്യൂജില്ലയിൽ ഒരു അപേക്ഷയേ നൽകാവൂ. ഒന്നിലധികം റവന്യൂജില്ലകളിൽ പ്രവേശനം തേടുന്നവർ, ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം. ഇങ്ങനെ അപേക്ഷിക്കുന്നവർക്ക് ഒന്നിൽ കൂടുതൽ ജില്ലകളിൽ അലോട്ട്മെൻറ്‌് ലഭിച്ചാൽ, അവർ ഏതെങ്കിലും ഒരു ജില്ലയിൽ പ്രവേശനം നേടണം. അതോടെ മറ്റ് ജില്ലകളുടെ ഓപ്ഷനുകൾ തനിയെ റദ്ദാകുന്നതാണ്. എന്നാൽ, ആദ്യം ഒരു ജില്ലയിൽമാത്രം അലോട്ട്മെന്റ് ലഭിക്കുകയും അതനുസരിച്ച് പ്രവേശനം നേടിയ ശേഷം തുടർന്നുള്ള അലോട്ട്‌മെൻറിൽ മറ്റൊരു ജില്ലയിൽ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്താൽ പുതിയ അലോട്ട്‌മെന്റ് സ്വീകരിക്കാവുന്നതാണ്. തുടർന്ന്, പുതുതായി പ്രവേശനം നേടിയ ജില്ലയിലെ ഹയർ ഓപ്ഷനുകളേ പരിഗണിക്കുകയുള്ളൂ. ആദ്യജില്ലയിലെ ഓപ്ഷനുകൾ തനിയെ റദ്ദാകും.
✅ *ട്രയൽ അലോട്ട്‌മെൻറ്*
യഥാർഥ അലോട്ട്‌മെൻറിനുമുമ്പായി അവസാനവട്ട പരിശോധന നടത്തുന്നതിനും തിരുത്തലുകൾ വേണമെങ്കിൽ തിരുത്തുന്നതിനും ഒരു ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. അപേക്ഷയിലെ തെറ്റുകൾ ഈ സമയത്ത് തിരുത്താം. ഓപ്ഷനുകൾ മാറ്റാനും ഈ സമയത്ത് സൗകര്യമുണ്ടാകും.
മുഖ്യ അലോട്ട്‌മെന്റിൽ മൂന്ന് റൗണ്ട് അലോട്ട്‌മെൻറുകൾ ഉണ്ടാകും. അതിനുശേഷമുള്ള ഒഴിവുകളിലേക്ക് സപ്ലിമെൻററി അലോട്ട്‌മെൻറുകൾ നടത്തും. മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്നതോടെ താത്കാലിക പ്രവേശനത്തിൽ തുടരുന്നവർ നിർബന്ധമായും പ്രവേശനം സ്ഥിരപ്പെടുത്തണം. ഏകജാലക പ്രവേശനത്തിന്റെ സമയക്രമം പ്രോസ്പക്ടസിൽ നൽകിയിട്ടുണ്ട്.
✅ *സീറ്റുകൾ*
സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ മൊത്തം സീറ്റുകളും എയ്ഡഡ് (ന്യൂനപക്ഷ/പിന്നാക്ക സമുദായ സ്കൂളുകൾ ഉൾപ്പെടെ) ഹയർസെക്കൻഡറി സ്കൂളുകളിലെ നിശ്ചിത ശതമാനം സീറ്റുകളും ഓപ്പൺ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ഏകജാലകംവഴി നികത്തുന്നു. അതിന്റെ വിശദാംശങ്ങൾ പ്രോസ്പക്ടസ് ക്ലോസ് 13-ൽ (പേജ് 10) നൽകിയിട്ടുണ്ട്.
✅ *മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ട*
എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ 20 ശതമാനം സീറ്റുകൾ മാനേജ്മെന്റ് ക്വാട്ട സീറ്റുകളാണ്. പിന്നാക്ക/ന്യൂനപക്ഷ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകൾ, പിന്നാക്ക/ന്യൂനപക്ഷ മാനേജ്മെന്റ് അല്ലാത്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകൾ എന്നിവയിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ അതത് സമുദായത്തിൽപ്പെട്ട അപേക്ഷകരിൽനിന്ന് ബന്ധപ്പെട്ട മാനേജ്‌മെന്റ് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും.
മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട സ്കൂളിൽനിന്ന് ഇതിലേക്കുള്ള പ്രത്യേകം അപേക്ഷാഫോം വാങ്ങി അതത് സ്കൂളിൽ നൽകണം. ഈ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് ഏകജാലക പ്രവേശനത്തിന്റെ പരിധിയിൽ വരുന്നില്ല. അൺ എയ്ഡഡ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത് സ്കൂൾതലത്തിലാണ്. ഇതിനുള്ള അപേക്ഷയും ബന്ധപ്പെട്ട സ്കൂളിലാണ് നൽകേണ്ടത്.
▪️▪️▪️▪️▪️▪️▪️

0 അഭിപ്രായങ്ങള്