തിരുവനന്തപുരത്ത് ബോട്ട് മുങ്ങി; രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു :-

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


പെരുമാതുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. വര്‍ക്കല സ്വദേശികളാണ് മരിച്ചത്. പത്ത്   പേരെ കാണാതായി.23 ഓളം പേര്‍ ബോട്ടിലുണ്ടായിരുന്നു. ഇതില്‍ പത്ത് പേര്‍ നീന്തികരക്കെത്തി. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡും തീരസേനയും മത്സ്യത്തൊഴിലാളികളും സംയുക്തമായി തിരിച്ചില്‍ ആരംഭിച്ചു.


ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.  വിഴിഞ്ഞത്ത് നിന്ന്  കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പല്‍ അപകട സ്ഥലത്തേക്ക് തിരിച്ചു. കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്. കനത്ത തിരയും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമാണെന്നാണ് റിപ്പോര്‍ട്ട്.



അതിനിടെ കൊല്ലത്ത് ഇപ്പോള്‍ ശക്തമായ കാറ്റ് തുടരുകയാണ്. ഒരു മണിക്കൂറായി കാറ്റ് തുടരുന്നതായാണ് വിവരം. കൊല്ലം ഏഴുകോണിനും കുണ്ടറക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണു.


അതിനിടെ നാല് ജില്ലകളില്‍ നാളെ അതിതീവ്രമഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനും സാധ്യതയുണ്ട്.  സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്