മുംബൈയില്‍ നവംബര്‍ 1 മുതല്‍ 15 വരെ നിരോധനാജ്ഞ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.നവംബര്‍ 1 മുതല്‍ 15 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.


അതീവ ജാഗ്രത പാലിക്കണമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ അറിയിച്ചു.അഞ്ചോ അതില്‍ അധികമോ പേരെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ജാഥകളും പൊതുയോഗങ്ങളും പാടില്ലെന്നും പൊലീസ് ഉത്തരവിട്ടു.മരണം വിവാഹം സിനിമ തീയേറ്റര്‍ തുടങ്ങിയവക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കര്‍ശന പൊലീസ് നിരീക്ഷണം നഗരത്തിലാകെ ഏര്‍പ്പെടുത്തും. ജനങ്ങള്‍ സഹകരിക്കണമെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം മുംബൈയിലെ മാളുകള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചത് വലിയ പരിഭ്രാന്തി പടര്‍ത്തിയിരുന്നു. ഇതോടെ മുംബൈയില്‍ സുരക്ഷ ശക്തമാക്കി. അജ്ഞാത ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.


അന്ധേരിയിലെ ഇന്‍ഫിനിറ്റി മാള്‍, ജുഹുവിലെ പി വി ആര്‍ മാള്‍, വിമാനത്താവളത്തിലെ സഹാറ ഹോട്ടല്‍ എന്നിവിടങ്ങളില്‍ ബോംബ് വച്ച് തകര്‍ക്കുമെന്നാണ് അജ്ഞാത സന്ദേശത്തില്‍ പറഞ്ഞത്.