വിവാഹ സദ്യക്കിടെ രസഗുള തീർന്നു; വധൂവരൻമാരുടെ ബന്ധുക്കൾ ഏറ്റുമുട്ടി, ഒരാൾ കുത്തേറ്റു മരിച്ചു


▂▂▂▂▂▂▂▂▂▂▂▂▂▂▂▂


വിവാഹാഘോഷങ്ങൾക്കിടെ മധുരപലഹാരം കുറഞ്ഞുപോയതിനെ തുടർന്ന് വധൂവരൻമാരുടെ ബന്ധുക്കൾ ഏറ്റുമുട്ടി. കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ആഗ്ര എത്മാദ്പൂരിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സണ്ണി എന്ന 22കാരൻ യുവാവാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മൊഹല്ല ഷെയ്ഖാൻ സ്വദേശിയുടെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് അക്രമണം.രസഗുള തീർന്നുപോയതിനെ തുടർന്ന് വധുവിന്റെയും വരന്റെയും ഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായതായി പൊലീസ് കൂട്ടിച്ചേർത്തു. മധുരപലഹാരത്തിന്റെ ക്ഷാമത്തെ ചൊല്ലിയുള്ള തർക്കം തല്ലിൽ കലാശിക്കുകയും ഒരാൾ കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നുവെന്ന് എത്മാദ്പൂർ സർക്കിൾ ഓഫീസർ രവി കുമാർ ഗുപ്ത പി.ടി.ഐയോട് പറഞ്ഞു.

 ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സണ്ണിയെ (22) ആദ്യം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് അയച്ചു. തുടർന്ന് ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. അവിടെ ചികിത്സക്കിടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. " ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് പേരെ എത്മാദ്പൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു