ബിജെപി മടുത്തു: കോൺഗ്രസിലേക്ക് തിരിച്ചെത്തി ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുടെ മകൻ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്ഏറെ പ്രതീക്ഷയോടെയാണ് രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ മുഖ്യമന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ ശങ്കർസിങ് വഗേലയുടെ  മകൻ മഹേന്ദ്രസിങ് വഗേല  പാർട്ടിയിൽ തിരിച്ചെത്തിയിരിക്കുകയാണ്.നിരവധി പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് (ബിജെപി) രാജിവെച്ച് ദിവസങ്ങൾക്ക് ശേഷമാണ് മഹേന്ദ്രസിങ് വഗേല പഴയ പാർട്ടിയിൽ ചേർന്നത്. 'ഞാൻ ഒരിക്കലും ബിജെപിയിൽ സുഖമായിരുന്നില്ല, ബിജെപിയിൽ ചേർന്നെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടിയുടെ ഒരു പരിപാടികളിലും പങ്കെടുത്തിട്ടില്ല' വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ മഹേന്ദ്ര സിംഗ് വഗേല പറഞ്ഞു.


തന്റെ ആശയങ്ങൾ ബിജെപിയുടേതിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, അത് പാർട്ടി ഹൈക്കമാൻഡിനെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു മഹേന്ദ്രസിങ് വഗേലയുടെ പ്രതികരണം. പാർട്ടി നൽകുന്ന ഏത് ചുമതലയും താൻ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വഗേല ബിജെപിയിൽ ചേർന്നത്. ഇതിനുമുമ്പ്, 2012 നും 2017 നും ഇടയിൽ വടക്കൻ ഗുജറാത്തിലെ ബയാദിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്നു. 58 കാരനായ മുൻ എംഎൽഎയെ ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ പാർട്ടിയിലേക്ക് തിരികെ സ്വാഗതം ചെയ്തു.


അടുത്തിടെ പിതാവ് ശങ്കർസിൻഹ് വഗേല തന്റെ സ്വന്തം രാഷ്ട്രീയ സംഘടനയായ പ്രജാ ജനശക്തി പാർട്ടി രൂപീകരിച്ചിരുന്നു. പിതാവിന്റെ പാർട്ടിയിൽ ചേരാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പിതാവുമായി ചർച്ച ചെയ്‌തെന്നും അദ്ദേഹത്തിന്റെ അംഗീകാരത്തോടെ മാത്രമാണ് കോൺഗ്രസിൽ ചേർന്നതെന്നും മഹേന്ദ്രസിങ് വെഗേല പറഞ്ഞു.


അതേസമയം, അധികാരത്തിലെത്തിയാൽ ഗുജറാത്തിൽ മദ്യനിരോധനം നീക്കുമെന്ന് ശങ്കർസിങ് വഗേല തന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. മഹേന്ദ്രസിങ് വഗേലയും അദ്ദേഹത്തിന്റെ പിതാവും മറ്റ് ആറ് കോൺഗ്രസ് എംഎൽഎമാരും 2017 ഓഗസ്റ്റിൽ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തു. പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവെക്കുകയായിരുന്നു.