അഗ്നിപർവ്വതം🔥
കടലാഴം വ്യഥയിലും ഭൂമിയോളം സഹനമായിരുന്നു ലക്ഷ്യം.
നീരുറവ തെല്ലുമില്ലാത്ത മരുഭൂമിയാണ് ഹൃദയമെന്ന കണ്ടെത്തലിനെ
പുഞ്ചിരിയോടെ ആസ്വദിച്ചാവോളം.
കടമകൾ തെല്ലുപോലും കദനകഥക്കളാക്കാതെ
നെരിപ്പോട് പോലുരുകി തീർത്തിരുന്നു എന്നെന്നും.
നോവിന്റെ തീരങ്ങളിൽ ചേർന്നിരുന്ന്
നൊമ്പരം അലക്കിത്തീർക്കുമ്പോഴും
ഉള്ളിനുള്ളിൽ വേരുറഞ്ഞൊരു നോവ്
വാവിട്ടലയ്ക്കുന്നതറിയുന്നതായി ഭാവിച്ചിരുന്നില്ല തെല്ലും.
ഒരു കുന്നോളം വിതുമ്പലുകൾ പൊട്ടിയടരുമ്പോഴും
ഒരു ചാറ്റൽ മഴപോൽ
പെയ്തമരുകയായിരുന്നു എന്നുമെന്നപോൽ ...
പെയ്യാതെ പെയ്ത മഴയിലൊക്കെയും
ഉണങ്ങാത്ത കണ്ണീരിന്റെ
ഉപ്പുകണങ്ങൾ പറ്റിപ്പിടിച്ചിരുന്നു.
കാതടപ്പിക്കുന്ന കുറ്റപ്പെടുത്തലുകളും
ഹൃദയം മുറിക്കുന്ന വായ്ത്താരികളും
നേർത്തൊരു മന്ദഹാസത്തിനുള്ളിൽ പൂഴ്ത്തി വെച്ചത്
അഹങ്കാരത്തിന്റെ അലങ്കാരമായിത്തീർന്നിരുന്നു
കരയാൻ വെമ്പൽ പൂണ്ടപ്പോഴൊക്കെയും
ഒരിറ്റു കണ്ണുനീർ വാർക്കാൻ
കണ്ണിണകളെ ഒരിക്കലും അനുവദിച്ചിരുന്നില്ല.
ഇത്രയുമഹം എന്തിനായിരുന്നുവെന്ന്
പുകഞ്ഞു നീറിയ മനം
ആർത്തലച്ചതും കേട്ടതായി നടിച്ചില്ല
അരികിലിരുന്നു പതംപറഞ്ഞു കരയുന്ന നിഴലിനെ
വെള്ളത്തുണിയിൽ പൊതിഞ്ഞടുക്കാനായി ആഞ്ഞുപുൽകുമ്പോഴും
പൂവണിയാത്ത സ്വപ്‌നങ്ങൾ ചിതല്പുറ്റു
തിന്നു തീർക്കുന്ന തിരക്കിലായിരുന്നു.
മരണമെന്നൊരു നിത്യസത്യത്തെ നേരിൽ കണ്ടതുപോലെ
എന്നിലെ ചിന്തകളപ്പോഴും
ജീവിതമെന്ന പോർക്കളത്തിൽ
പരാജയങ്ങളെ ജയിച്ചു മുന്നേറുകയായിരുന്നു.
*സിന്ധു എ കാലിക്കറ്റ്*


0 അഭിപ്രായങ്ങള്‍