വിജനമായ പ്രദേശത്ത് സംശയകരമായ പാക്കറ്റ്; അകത്ത് ഐഇഡിയും തോക്കുകളും 45 ലക്ഷം രൂപയും

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ജമ്മുകശ്മീരിലെ സാംബ ജില്ലയിൽ നിന്നും സംശയകരമായ രീതിയിൽ കണ്ടെടുത്ത പാക്കറ്റിൽ നിന്നും തോക്കുകളും പണവും കണ്ടെത്തി. വിജയ്പൂർ മേഖലയിലാണ് സംഭവം. സീൽ ചെയ്ത പാക്കറ്റ് കണ്ട് സംശയം തോന്നിയതോടെ ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.


പാക്കറ്റിനുള്ളിൽ 45 ലക്ഷം രൂപയും രണ്ട് തോക്കുകളുമാണ് ഉണ്ടായിരുന്നത്. നാല് മാഗസീനുകളും ഉണ്ടായിരുന്നു. കൂടാതെ ഒരു ഐഇഡിയും കണ്ടെടുത്തു. അതിർത്തി കടന്നെത്തിയ ഡ്രോൺ വഴി നിക്ഷേപിച്ച പാക്കറ്റാണെന്നാണ് സംശയിക്കുന്നത്.


പ്രദേശവാസിയായിരുന്നു ആദ്യം പാക്കറ്റ് കണ്ടത്. തുടർന്ന് വിജയ്പൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അതിർത്തിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയാണ് സംഭവം. രാംഗഞ്ജിനും വിജയ്പൂറിനും ഇടിയിലുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് ബോംബ് കിടന്നിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.