വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് ബോധരഹിതനായ അതിഥിത്തൊഴിലാളിക്ക് പ്രഥമശുശ്രൂഷ നൽകി ജീവിതത്തിലേക്ക് തിരികെയെത്തിച്ച ശ്രീ. റെമിൽ രാജ് (രാഹുൽ) ന് അഭിനന്ദനപ്രവാഹം. 


കോഴിക്കോട് അത്തോളി ഇലക്ട്രിക്കൽ സെക്ഷനുകീഴിൽ കൊളത്തൂർ റോഡിൽ സരൾ വായനശാലയ്ക്ക് സമീപം നവംബർ 21തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.  അടയ്ക്ക പറിക്കുന്നതിനിടെ ലോഹ തോട്ടി സമീപത്തെ 11 കെ വി ലൈനിൽ തട്ടി അതിഥി തൊഴിലാളിയായ ഷെഫീഖുൽ ആലം ഷോക്കേറ്റ് വീഴുകയായിരുന്നു. നാട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ രാഹുൽ ഷോക്കേറ്റ് ബോധരഹിതനായി പറമ്പിൽ കിടന്നിരുന്ന ആ 22 കാരനെ റോഡിലേക്ക് മാറ്റി കിടത്തി പ്രഥമ ശുശ്രൂഷ നൽകി. പതിനഞ്ചു മിനിറ്റോളം സി പി ആറും കൃത്രിമ ശ്വാസോച്ഛ്വാസവും നൽകിയാണ് ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും നിലച്ചുപോയ യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. 


ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിൽ നായിക്ക് ആയ കൊളത്തൂർ പൈറ്റാട്ട് രാഹുൽ സന്ദർഭോചിതമായി ഉണർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി മാത്രമാണ് ബീഹാർ സ്വദേശിയായ ഷെഫീഖുൽ ആലം മാരകമായ അപകടത്തിൽ നിന്ന് ജീവൻ നഷ്ടമാകാതെ രക്ഷപ്പെട്ടത്. പ്രഥമ ശുശ്രൂഷയെത്തുടർന്ന് ബോധം ലഭിച്ച അദ്ദേഹത്തെ മലബാർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു.


കെ എസ് ഇ ബിയുടെ കോഴിക്കോട് ജില്ലാ സുരക്ഷാ വിഭാഗം ശ്രീ. രാഹുലിന് ആദരമർപ്പിച്ചു.

നവംബർ 23ന് അത്തോളി സെക്ഷൻ അങ്കണത്തിൽ കോഴിക്കോട് ജില്ലാ ചീഫ് സേഫ്റ്റി ഓഫീസർ ശ്രീമതി മീന സി.യുടെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ചീഫ് സേഫ്റ്റി കമ്മീഷണർ ശ്രീമതി സന്ധ്യ ദിവാകർ ഉപഹാരം സമർപ്പിച്ചു. കോഴിക്കോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീമതി ഷാജി സുധാകരൻ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. ശ്രീമതി രജനി പി നായർ (അസി. എക്സിക്യുട്ടീവ് എഞ്ചിനിയർ), സജീഷ്, റാഷിദ് (അസിസ്റ്റന്റ് എഞ്ചിനിയർമാർ) തുടങ്ങിയവർ പങ്കെടുത്തു.