മേയറുടെ കത്തിന്‍റെ ഉറവിടം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡിജിപി ഉത്തരവിറക്കി, സിപിഎമ്മും അന്വേഷിക്കും

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


തിരുവനന്തപുരം നഗരസഭയുടെ താത്കാലിക ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ചെന്ന  പേരിലുള്ള വിവാദക്കത്തിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ കേസ് അന്വേഷിക്കും.

അന്വേഷണത്തിന് ഡിജിപി അനിൽകാന്ത് ഉത്തരവിട്ടു. കത്ത് ചോർന്നത് പാർട്ടി തലത്തിൽ അന്വേഷിക്കാൻ സിപിഎമ്മും തീരുമാനിച്ചു. അന്വേഷണത്തിന് ശേഷം നടപടിയെടുക്കാനാണ് ധാരണ. അതേസമയം കത്ത് വിവാദത്തിലെ പ്രതിഷേധം തെരുവിൽ ആളിക്കത്തുകയാണ്..യൂത്ത് കോൺഗ്രസ് നഗരസഭയ്ക്ക് മുന്നിൽ നടത്തിയ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.


കത്ത് വിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ  നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്.

അതേസമയം, കത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ സിപിഎമ്മും തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. വിഷയത്തിൽ സെക്രട്ടറി ആനാവൂർ നാഗപ്പന്‍ മാധ്യമങ്ങളെ കാണും. കത്ത് താൻ എഴുതിയതല്ലെന്ന് മേയർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, കത്ത് വ്യാജമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അറിയില്ല എന്നായിരുന്നു ആനാവൂർ നാഗപ്പന്റെ പ്രതികരിച്ചത്.