റേഷൻ കടയിൽ പച്ചേരി , വാങ്ങിയത് 33 ശതമാനം പേർ മാത്രം


 21/12/2022 


കോഴിക്കോട് :-റേഷൻ കടകളിൽ പുഴുക്കലരിക്കു പകരം പച്ചരി നൽകിത്തുടങ്ങിയതോടെ റേഷൻ വാങ്ങാനാളില്ല. ഡിസംബറിൽ ഇതുവരെ സംസ്ഥാനത്ത് 33 ശതമാനം പേർ മാത്രമാണ് റേഷൻ വാങ്ങിയത്. സംസ്ഥാനത്താകെയുള്ള 93.06 ലക്ഷം കാർഡുടമകളിൽ 30.08 ലക്ഷംമാത്രമേ ഈ മാസം ഇതുവരെ റേഷൻ വാങ്ങിയുള്ളൂ.


സാധാരണ ഓരോ മാസത്തിലും ഈ സമയമാകുമ്പോഴേക്കും 60 ശതമാനം പേരും റേഷൻ വാങ്ങാറുണ്ടെന്ന് റേഷൻ വ്യാപാരിയും കേരള റേഷൻ എംപ്ലോയീസ് യൂണിയൻ(സി.ഐ.ടി.യു.) സംസ്ഥാന വൈസ് പ്രസിഡന്റുമായ ടി.വി. തമ്പാൻ പറഞ്ഞു.


കഴിഞ്ഞമാസത്തിൽ 84.5 ശതമാനംപേരേ റേഷൻ വാങ്ങിയുള്ളൂ. ഒക്ടോബറിൽ 80.05 ശതമാനവും. എന്നാൽ, ഓഗസ്റ്റ്(90.23), സെപ്റ്റംബർ(90.12) മാസങ്ങളിൽ 90 ശതമാനത്തിലേറെപ്പേരും റേഷൻ വാങ്ങി.


ബി.പി.എൽ. കുടുംബങ്ങൾക്ക് നൽകുന്ന പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന(പി.എം.ജി.കെ.എ.വൈ.) പ്രകാരം സൗജന്യമായി നൽകുന്ന അരി നവംബർ മുതൽ പൂർണമായും പച്ചരിയാക്കിയിരുന്നു. ഈ പദ്ധതിയിൽ ഡിസംബറിൽ സംസ്ഥാനത്തിന് കിട്ടിയ 5.63 കോടി കിലോഗ്രാം അരി മുഴുവനും പച്ചരിയാണ്. ഇതോടൊപ്പം സാധാരണ റേഷനും 70 ശതമാനം പച്ചരി, 30 ശതമാനം പുഴുക്കലരി എന്ന തോതിലാണ് രണ്ടുമാസമായി നൽകുന്നത്.


ഇതനുസരിച്ച് മഞ്ഞക്കാർഡുള്ള അഞ്ചംഗ കുടുംബത്തിന് മാസം ലഭിക്കുന്ന 55 കിലോ അരിയിൽ ആകെ കിട്ടുക ആറു കിലോ പുഴുക്കലരി മാത്രം.