വി പ്രതാപചന്ദ്രന്റെ മരണം കോണ്‍ഗ്രസിലെ ചിലരുടെ മാനസിക പീഡനത്താല്‍'; ഡി ജി പിക്ക് മക്കളുടെ പരാതി
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കെപിസിസി ട്രഷറര്‍ ആയിരുന്ന അഡ്വക്കേറ്റ് വി പ്രതാപചന്ദ്രന്റെ മരണത്തില്‍ പരാതിയുമായി കുടുംബം. കോണ്‍ഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന് കാണിച്ച് കുടുംബം ഡിജിപിക്ക് പരാതി നല്‍കി. പ്രമോദ് കോട്ടപ്പള്ളി, രമേശന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. മക്കളായ പ്രജിത്ത്, പ്രീതി എന്നീവരാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും നല്‍കിയിട്ടുണ്ട്.
കെപിസിസി യുടെ ഫണ്ടില്‍ തിരിമറിയും വെട്ടിപ്പും നടത്തിയെന്ന തരത്തില്‍ ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച വാര്‍ത്ത പ്രതാപചന്ദ്രന് അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയില്‍ പറയുന്നു. ഈ അപവാദ പ്രചാരണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശികളായ പ്രമോദ് ,രമേശന്‍ എന്നീവര്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കാന്‍ പ്രതാപചന്ദ്രന്‍ മരിക്കുന്നതിന് മുമ്പ് തീരുമാനിച്ചിരുന്നതായി മക്കള്‍ പറഞ്ഞു. ഇതിനായി തലസ്ഥാനത്തെ ഒരു വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു. പരാതി നല്‍കുന്ന കാര്യം കെപിസിസി അദ്ധ്യക്ഷനെ അറിയിച്ചിരുന്നതായും ഡിജിപിക്ക് നല്‍കിയ പരാതിയിലുണ്ട്.
ആരോപണ വിധേയരായ പ്രമോദും രമേശും കോണ്‍ഗ്രസിന്റെ സിയുസി ( കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി ) സംവിധാനത്തിന്റെ ചുമതലക്കാരാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതാപചന്ദ്രനെ ഓഫീസില്‍ വച്ച് പ്രമോദ് എന്നയാള്‍ നിരന്തരം ആക്ഷേപിച്ചിരുന്നു. ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. മരണത്തിന് കാരണക്കാരനായവരെ നീതിപൂര്‍വ്വമായ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ മക്കളുടെ ആവശ്യം.

0 അഭിപ്രായങ്ങള്‍