ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍: തുര്‍ക്കി-സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് കേരളം 10 കോടി നല്‍കും

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



ഭൂകമ്പം നാശംവിതച്ച തുര്‍ക്കിക്കും സിറിയയ്ക്കും ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷമുള്ള മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്


ഇതിനുപുറമേ ബജറ്റില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി. എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടിയും അരൂര്‍ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 5 കോടിയും അനുവദിച്ചു. അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് അഞ്ചു കോടി വകയിരുത്തി. കരമന-കളിയിക്കാവിള റോഡ് വികസനത്തിനുള്ള നടപടികള്‍ അതിവേഗത്തില്‍ സ്വീകരിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.


പട്ടയം മിഷന്‍ നടപ്പിലാക്കാന്‍ രണ്ട് കോടി, കണ്ണൂര്‍ വിമാനത്താവളത്തിന് ഒരുകോടി, സ്‌കൂളുകളില്‍ കായിക പരിശീലനത്തിനായി മൂന്ന് കോടി, ഭിന്നശേഷി കുട്ടികളുടെ കലാമേളയായ സമ്മോഹനം പരിപാടിക്ക് 20 ലക്ഷം, തലശ്ശേരി മണ്ഡലത്തിലെ മയ്യഴി വിനോദ സഞ്ചാര പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി എന്നിങ്ങനെയും തുക അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

അതേസമയം ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം ധനമന്ത്രി തള്ളി. ഇന്ധന സെസ് അടക്കം പിന്‍വലിക്കില്ലെന്ന വ്യക്തമാക്കികൊണ്ടാണ് ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി മറുപടി നല്‍കിയത്. ഇന്ധന സെസില്‍ ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ കണ്ടാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയതെന്നും ധനമന്ത്രി പരിഹസിച്ചു. വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കല്‍. പദ്ധതികളില്‍ പ്രായോഗികവും ശാസ്ത്രീയവുമായ രീതികള്‍ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നതെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.