പേരും ചിഹ്നവും നഷ്ടമായ ക്ഷീണത്തിന് പിന്നാലെ അടുത്ത തിരിച്ചടി; കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി



യഥാർത്ഥ ശിവസേനയായി ഏകനാഥ് ഷിൻഡെ വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം തള്ളി സുപ്രീം കോടതി. നിലവിലെ അവസ്ഥയിൽ കമ്മീഷന്റെ ഉത്തരവ് സ്‌റ്റേ ചെയ്യാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു


ശിവസേനയിലെ ഏകനാഥ് ഷിൻഡെ വിഭാഗത്തിന് പാർട്ടിയുടെ പേരും ചിഹ്നവും അനുവദിച്ച കമ്മീഷൻ നടപടിക്കെതിരെയാണ് ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിച്ചത്. ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ കമ്മീഷൻ നടപടി ഇപ്പോൾ സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.


അതേസമയം ഉദ്ധവ് താക്കറെ നൽകിയ ഹർജിയിൽ മറുപടി തേടി ഷിൻഡെ വിഭാഗത്തിന് കോടതി നോട്ടീസ് നൽകി. രണ്ടാഴ്ചയ്‌ക്കകം മറുപടി നൽകണമെന്നാണ് നിർദേശം. ഹർജിയിൽ അന്തിമ തീരുമാനമാകും വരെ ‘പ്രകാശിക്കുന്ന ടോർച്ച്’ തന്നെ ചിഹ്നമായി ഉപയോഗിക്കണമെന്നും ഉദ്ധവിനോട് സുപ്രീം കോടതി നിർദേശിച്ചു.


യഥാർത്ഥ ശിവസേനയായി ഏകനാഥ് ഷിൻഡെ വിഭാഗത്തെ പ്രഖ്യാപിച്ചതിന് ശേഷം ശിവസേനയുടെ അദ്ധ്യക്ഷനായി മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ചുമതലയേറ്റിരുന്നു. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക വിധിയുണ്ടായത്.