പശ്ചിമബംഗാളില്‍ കേന്ദ്രമന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറ്, സംഘർഷം; കണ്ണീര്‍വാതകം പ്രയോഗിച്ചു

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


പശ്ചിമ ബംഗാളില്‍ കേന്ദ്ര മന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ വാഹനവ്യൂഹത്തിനു നേരെ കൂച്ച് ബെഹറില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിനു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു


കൂച്ച് ബെഹറില്‍നിന്നുള്ള ലോക്‌സഭാംഗമാണ് നിസിത് പ്രമാണിക്. ഇവിടെ ബിജെപിയുടെ പ്രാദേശിക ഓഫീസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെയാണ് മന്ത്രിയുടെ വാഹനത്തിനു നേര്‍ക്ക് ഒരുവിഭാഗം കല്ലെറിഞ്ഞത്. ആക്രമണത്തില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു.


ഗോത്രവര്‍ഗക്കാരനെ അതിര്‍ത്തിരക്ഷാ സേന വെടിവെച്ചു കൊന്നതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരേ പ്രതിഷേധം നിലനിന്നിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മന്ത്രിക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് നിസിത് പ്രമാണിക് ആരോപിച്ചു. മന്ത്രിക്കുപോലും സുരക്ഷയില്ലാത്ത സാഹചര്യത്തില്‍, സാധാരണക്കാരന്‍റെ സ്ഥിതി ഊഹിക്കാവുന്നതാണെന്നും ഈ സംഭവം സംസ്ഥാനത്തെ ജനാധിപത്യത്തിന്റെ നിലയാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.