കേരളത്തിലെ സാമൂഹിക അന്തരീക്ഷം ശരിയല്ല; കോഴിക്കോട്ടെ അനുഭവം വിവരണാതീതം; സ്കൂള്‍ കലോത്സവത്തിനു നോണ്‍വെജ് പ്രായോഗികമല്ല; ഭിന്നശേഷി കലോത്സവ ഊട്ടുപുരയൊരുക്കുന്ന പഴയിടത്തിന് പറയാനുള്ളത് ഇങ്ങനെ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


സംസ്ഥാന സ്കൂള്‍ കലോത്സവ ഊട്ടുപുരയില്‍  നിന്നും പിന്മാറിയ പഴയിടം മോഹനന്‍ നമ്പൂതിരി ഭിന്നശേഷിക്കാരായ കുട്ടികളുടെ ദേശീയ കലോത്സവത്തിന് പാചകം ഒരുക്കുന്നു. സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള പരിപാടിയിലാണ് പഴയിടം പാചകമൊരുക്കുന്നത്.


കിന്‍ഫ്രയിലെ മാജിക് പ്ലാനറ്റും ഗോപിനാഥ് മുതുകാടും  സര്‍ക്കാരുമൊക്കെയാണ്  കലോത്സവത്തിന്റെ മുഖ്യസംഘാടകര്‍. നോണ്‍വെജ് അല്ല വെജിറ്റേറിയന്‍ ഭക്ഷണമാണ്  പഴയിടം ഒരുക്കുന്നത്.


സ്കൂൾ കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് വിവാദമായതിനു പിന്നാലെയാണ് ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന്  പഴയിടം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം പാചകവിവാദത്തിനു തിരികൊളുത്തുകയും ചെയ്തു. ബ്രാഹ്മണിക്കല്‍ ഹെജിമണി എന്ന ആക്ഷേപം പോലും പഴയിടത്തിനു പേറേണ്ടി വന്നു. മനസുമടുത്ത് സ്കൂള്‍ കലോത്സവ വേദിയിലേക്ക് ഇനി ഇല്ലെന്നു വരെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.പാചകവിവാദം വന്നപ്പോള്‍ സാംസ്കാരികമായി ഒരു ചേരി തിരിയില്‍ കൂടി വന്നിരുന്നു. ഒരു വിഭാഗം സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ നേതൃത്വം പഴയിടത്തിനു ഒപ്പം നിന്നപ്പോള്‍ ഒരു  വിഭാഗം പഴയിടത്തിനു എതിരായി നിലയുറപ്പിച്ചു. സ്കൂള്‍ കലോത്സവ ഊട്ടുപുരയിലേക്ക് ഇനിയില്ലെന്ന നിലപാടില്‍  പഴയിടം  ഉറച്ച് നിന്നു. 


ഇപ്പോള്‍ ഭിന്നശേഷി കലോത്സവത്തിനു പാചകം ഒരുക്കവേ തന്റെ മുന്‍ നിലപാടില്‍ നിന്നു ഒരു മാറ്റവുമില്ലെന്നു ഇന്ത്യാ ടുഡേയോട് പ്രതികരിക്കുകയാണ് പഴയിടം. 

''ഭിന്നശേഷി കുട്ടികളുടെ ഒത്തുചേരലിനെ കലോത്സവമായി കാണാന്‍ കഴിയില്ല. അവരുടെ ഒരു ഒത്തുചേരലാണ് അത്. അവര്‍ സ്നേഹത്തിന്റെ ഭാഷയാണ് നല്‍കുന്നത്. അവര്‍ നല്‍കുന്നത് വലിയൊരു സന്ദേശമാണ്. ഒരു കാലത്ത് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ട അവസ്ഥയായിരുന്നു. അവര്‍ മുഖ്യധാരയിലേക്ക് വന്നു കഴിഞ്ഞു. നമുക്കൊപ്പം അവരെ ചേര്‍ത്ത് നിര്‍ത്തുക എന്ന് പറഞ്ഞാല്‍ ഭാരതീയ പൗരനായ എന്റെ കടമയാണ്''-പഴയിടം പറയുന്നു.    ഭിന്നശേഷി കലോത്സവവുമായി ബന്ധപ്പെട്ട് പാചകത്തെ ഒരു മൂന്നു വാക്കിലേക്ക്   ഒതുക്കുന്നത് തന്നെ ശരിയല്ല.   ഇവരോട് ചേര്‍ന്ന് നിന്നു പ്രവര്‍ത്തിക്കുന്ന ആളാണ്‌.സംസ്ഥാന സ്കൂള്‍ കലോത്സവ പാചകത്തില്‍ നിന്നും പിന്മാറുന്നതായി ആദ്യം തന്നെ അറിയിച്ചിട്ടുണ്ട്. അത് അങ്ങനെ തന്നെ നില്‍ക്കുന്നു. ആരോടും ദേഷ്യമില്ല. നമ്മള്‍ എടുത്ത തീരുമാനമാണത്. ആ തീരുമാനത്തില്‍ നിന്നും മാറി ചിന്തിക്കാനുള്ള സാഹചര്യം ഇല്ലാത്തിടത്തോളം കാലം ഞാന്‍ അങ്ങനെ തന്നെ നില്‍ക്കണം.


കോഴിക്കോട് കലോത്സവത്തില്‍ ഭീകരാവസ്ഥയില്ല. പക്ഷെ ആ രീതിയില്‍ ഒരു സാഹചര്യം ഉരുത്തിരിഞ്ഞു വന്നിരുന്നു. പക്ഷെ ഞങ്ങള്‍ നൂറു ശതമാനം ഒറ്റപ്പെട്ട സാഹചര്യമുണ്ടായിരുന്നു. എഫ്ബി കുറിപ്പും വിവാദങ്ങളുമൊക്കെ നിറഞ്ഞു നിന്ന സമയമായിരുന്നു അത്. സാമൂഹിക പ്രതിബന്ധതയോടെയാണ് പാചക രംഗത്ത് നില്‍ക്കുന്നത്. മുന്‍പ് കാണാത്ത രീതിയില്‍ ഉള്ള പ്രശ്നങ്ങള്‍ അവിടെയുണ്ടായിരുന്നു. 


സര്‍ക്കാര്‍ ഒന്നും പ്രതികരിച്ചില്ല. പക്ഷെ നൂറു ശതമാനം എനിക്ക് പിന്തുണ നല്‍കിയിരുന്നു. നിലവിലെ സാമൂഹിക അന്തരീക്ഷം ശരിയല്ല. കുറച്ച് ആളുകള്‍ അന്ന് എനിക്ക് എതിരെ രംഗത്ത് വന്നിരുന്നു. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം. മൂന്നു നാല് ദിവസം വിവാദങ്ങളോട് വിവാദങ്ങളായിരുന്നു. വാര്‍ത്തകളില്‍ വിവാദം നിറഞ്ഞു നിന്നു.  ഭക്ഷണത്തിനു ജാതിയും മതവും വര്‍ഗവുമൊന്നുമില്ല. എന്റെ രാഷ്ട്രീയം പാചകമാണ്. ആ ജോലി നിലനില്‍ക്കുന്ന കാലം പാചകത്തില്‍  ജാതി പറഞ്ഞുള്ള സമീപനത്തെ ഞാന്‍ എതിര്‍ക്കും. 


സ്കൂള്‍ കലോത്സവം പോലുള്ള പരിപാടികളില്‍ നോണ്‍ വെജ് പ്രാക്ടിക്കലല്ല. പാചകം ചെയ്യാനുള്ള നോണ്‍ വെജ് സുലഭമാണ്. പക്ഷെ ബജറ്റോ അത് ഇരട്ടിയായിരിക്കും. ഒരു പാട് ഇന്‍വെസ്റ്റ്‌മെന്റ് സര്‍ക്കാര്‍ നടത്തേണ്ടി വരും.  നോണ്‍വെജ് ഭക്ഷണം നല്‍കിത്തുടങ്ങിയാല്‍ ബജറ്റ് ഇരട്ടിയായും. ഒരു സ്കൂള്‍ കലോത്സവത്തിന്റെ മൊത്തം ചിലവിന്റെ ഇരട്ടിയായി തന്നെ ബജറ്റ് മാറും. സാമാന്യ യുക്തിയുള്ളവര്‍ വെജിറ്റേറിയന്‍ ഭക്ഷണത്തെ തന്നെ അനുകൂലിക്കും.


സ്കൂള്‍ കലോത്സവത്തിനു ശേഷം നടന്ന സൗത്ത് ഇന്ത്യന്‍ ശാസ്ത്രമേള പാചകപരിപാടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഞാന്‍ ചെല്ലാമെന്നു പറഞ്ഞിരുന്നു. ഞാന്‍ ടെന്‍ഡര്‍ നല്‍കാം എന്ന് പറഞ്ഞെങ്കിലും പിന്നെ ടെന്‍ഡര്‍ നല്‍കിയില്ല. അത് വേറെയാളുകളാണ് ചെയ്തത്-പഴയിടം പറയുന്നു.