ഉമ്മൻ ചാണ്ടി ആശുപത്രിയിൽ; നെയ്യാറ്റിൻകര നിംസിൽ പ്രവേശിപ്പിച്ചു

▂▂▂▂▂▂▂▂▂▂▂▂▂▂▂▂

▂▂

ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

▂ഇദ്ദേഹത്തെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞത്. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.  ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് പരാതിയിൽ അലക്സ് വി ചാണ്ടി ആരോപിച്ചത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി കുറ്റപ്പെടുത്തി.

ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി അദ്ദേഹത്തിന്റെ കുടുംബം ശക്തമായി എതിർക്കുന്നു. അലക്സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകൾക്ക് അച്ഛന്റെ സഹോദരന് മറുപടി നൽകാൻ താനില്ലെന്ന് പറഞ്ഞ് ചാണ്ടി ഉമ്മൻ ഒഴിഞ്ഞു. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മൻ ചാണ്ടി തന്നെ മറുപടി നൽകിക്കഴിഞ്ഞു. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.


വിവാദം കത്തിനിൽക്കുന്നതിനിടെ എകെ ആന്റണിയും എംഎം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. താൻ ഇടയ്ക്കിടയ്ക്ക് ഉമ്മൻ ചാണ്ടിയെ കാണാൻ വരാറുണ്ടെന്നായിരുന്നു സന്ദർശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എകെ ആന്റണിയുടെ പ്രതികരണം. ഉമ്മൻ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഉമ്മൻ ചാണ്ടിയെ സാധാരണ കാണുന്നത് പോലെ തന്നെയുണ്ടെന്നായിരുന്നുവെന്നും എകെ ആന്റണി പറഞ്ഞു. വിവാദ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.