ജനോപകാര പദ്ധതികളെ തുരങ്കംവയ്ക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ജനവിരുദ്ധ നിലപാടെടുത്ത്‌ ജനോപകാര പദ്ധതികൾക്ക്‌ തുരങ്കംവയ്‌ക്കാൻ ശ്രമിച്ചാൽ അതിനുമുന്നിൽ സർക്കാർ വഴങ്ങില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനം ആഗ്രഹിക്കുന്ന സർക്കാർ നടപടികൾ സ്വീകരിക്കുമ്പോൾ ചില പ്രത്യേക മാനസികാവസ്ഥയുള്ളവർക്ക് പൊരുത്തപ്പെടാനാകുന്നില്ല. അവർ ആഗ്രഹിക്കുന്നത് ഇത്തരം കാര്യങ്ങൾ കേരളത്തിൽ നടക്കരുതെന്ന് അദ്ദേഹം പറഞ്ഞു. 

അരലക്ഷം ടിക്കറ്റ് കാർഡുകളുടെ വിതരണോദ്ഘാടനവും 100 ശതമാനം റേഷനും ആധാർകാർഡുമായി ബന്ധിപ്പിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനവും അദ്ദേഹം നിർവഹിക്കുകയായിരുന്നു

ജനവിരുദ്ധ ശക്തികളുടെ ജൽപ്പനംകണ്ട്‌ നയസമീപനങ്ങളിൽ മാറ്റം വരുത്തുകയല്ല, കൂടുതൽ ജനോപകാര നടപടികളുമായി മുന്നോട്ടുപോകുകയാണ്‌ കഴിഞ്ഞ സർക്കാരും ചെയ്‌തത്‌. അതു മറച്ചുവയ്‌ക്കാനും മറ്റൊരു ചിത്രം സൃഷ്ടിക്കാനും അന്നും വലിയ തോതിൽ ശ്രമം നടന്നു. എന്നാൽ, നേരനുഭവമുള്ള ജനങ്ങൾക്കു മുന്നിൽ അത് ചെലവായില്ല. സർക്കാർ നിലപാടിനെ ജനം അംഗീകരിച്ചു, ചരിത്രത്തിലാദ്യമായി എൽഡിഎഫ്‌ തുടർഭരണമുണ്ടായത്. 


എന്തെല്ലാം തടസ്സമുണ്ടായാലും ജനക്ഷേമ വികസന നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. എന്നാൽ, നാടിന്റെ വികസനത്തിന് എതിരായ ശക്തികൾക്ക് ഇത് വല്ലാത്ത രോഷമുണ്ടാക്കുന്നുണ്ട്. അപ്രകാരം, അവർ രീതി കടുപ്പിക്കുന്ന നിലയുണ്ട്. ഇതൊന്നും നാടിന്റെ നല്ല ഭാവി കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുകൂടാ എന്ന നിർബന്ധം സർക്കാരിനുണ്ട്. ജനം ആഗ്രഹിക്കുന്ന രീതിയിൽതന്നെ സർക്കാർ മുന്നോട്ടുപോകും. 


അതിദരിദ്രരുടെ പട്ടികയുണ്ടാക്കി, അവരിൽ മുൻഗണനാ റേഷൻ കാർഡില്ലാത്തവർക്ക്‌ നൽകുകയാണിവിടെ. ഇവരൊന്നും ചില പ്രത്യേക മനസ്ഥിതിക്കാരുടെ കണ്ണിൽ പ്രധാനികളല്ല. എന്നാൽ, ഈ പാവപ്പെട്ടവരെയാണ്‌ സർക്കാർ പ്രധാനികളായി കാണുന്നത്‌. അതിന്റെ ഭാഗമായ നടപടികളും നയസമീപനങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.