ബ്രഹ്മപുരം: കൊച്ചി കോര്‍പറേഷനില്‍ സംഘര്‍ഷം

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷന് മുന്നിലും ഉള്ളിലും സംഘര്‍ഷം. കോര്‍പറേഷന്‍ ഹാളിന് പുറത്ത് പ്രതിഷേധവുമായെത്തിയവരില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. അതേസമയം തന്നെ, കോര്‍പറേഷന്‍ ഓഫീസിനുള്ളില്‍ പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിയും ഉന്തും തള്ളും ഉണ്ടായി.


മേയര്‍ അഡ്വ. എം അനില്‍കുമാര്‍ കോര്‍പറേഷനിലെക്ക് എത്തിയപ്പോള്‍ അകത്തേക്ക് കടക്കാന്‍ പ്രതിഷേധക്കാർ അനുവദിച്ചില്ല. ഇവര്‍ വാഹനം തടഞ്ഞെങ്കിലും പോലീസിന്റെ സഹായത്തോടെ മേയറെ രക്ഷപ്പെടുത്തുകയായിരുന്നു. കോൺഗ്രസ്സ്, ബി ജെ പി പ്രവർത്തകരാണ് പ്രതിഷേധിച്ചത്ഡി സി സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. അതിനിടെ, മേയറെ സംരക്ഷിക്കാനായി സി പി എം പ്രവർത്തകർ കൂടി എത്തിയതോടെയാണ് സംഘർഷം രൂപപ്പെട്ടത്.


മൂന്ന് മണിക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ നടക്കുമെന്ന് അറിയിച്ചിരുന്നു. അതിനായി ഭരണകക്ഷി അംഗങ്ങളുമെത്തിയെങ്കിലും പ്രതിപക്ഷ അംഗങ്ങളെ പോലീസ് കൗണ്‍സില്‍ ഹാളിലേക്ക് കടത്തിവിട്ടില്ല. ഇതാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിന് വഴിവെച്ചു. പിന്നീട് ഏതാനും മിനുറ്റുകൾ മാത്രം നീണ്ട യോഗം ചേർന്നു. യു ഡി എഫ്- ബി ജെ പി പ്രതിനിധികളെ കോർപറേഷൻ ഹാളിലേക്ക് കടത്തിവിട്ടില്ല.

മേയർ മുറിയിൽ കയറി ഇരിക്കുകയും ഇത് ചോദ്യം ചെയ്ത് പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ മുറിയുടെ വാതിലിൻ്റെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു.


ഇതിനിടെ, പുരുഷ പോലീസുകാർ തങ്ങളെ മർദിച്ചതായി വനിതാ കൌൺസിലർമാർ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ ജനപ്രതിനിധകളാണെന്നും അതുപ്രകാരം കൌൺസിലിനെത്തിയപ്പോഴാണ് ഉപദ്രവം ഉണ്ടായതെന്നും ഇവർ ആരോപിച്ചു.