നടൻ ഇന്നസെന്‍റ് അന്തരിച്ചു


▂▂▂▂▂▂▂▂▂▂▂▂▂▂▂▂


▂▂▂▂▂▂▂▂▂▂▂▂▂▂▂▂


മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്.


അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്. 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്‍റ്  1972 - ൽ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ചാലക്കുടി എം പിയായും പ്രവർത്തിച്ച അദ്ദേഹത്തിന്‍റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു.


'നൃത്തശാല' എന്ന ചിത്രത്തിലൂടെ 1972 - ൽ വെള്ളിത്തിരയിൽ എത്തിയ ഇന്നസെന്‍റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. 'ഗജകേസരിയോഗം', 'റാംജിറാവു സ്‍പീക്കിംഗ്', 'ഡോക്ടർ പശുപതി', 'മാന്നാർ മത്തായി സ്‍പീക്കിംഗ്‌', 'കാബൂളിവാല', 'ദേവാസുരം', 'പത്താംനിലയിലെ തീവണ്ടി' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചു.


ക്യാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. 2022 ൽ പുറത്തിറങ്ങിയ 'മകൾ', 'കടുവ' തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‍തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. 

ഇന്നസെന്റിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം


സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ്. 


ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. 


എക്കാലവും  ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ്  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും. 


നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽതന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.


ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു. 


ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു. 


നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


നടനും  ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടർന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.


മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്‍റ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം.  ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോ​ഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്‍റ്  1972 - ൽ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്.  അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു. കാൻസർ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്.  രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാന്‍സര്‍ വാര്‍ഡിലെ ചിരി ഉൾപ്പടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.


ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്. തുടർന്ന് സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും.  വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.